ബ്രിട്ടന്‍ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് ;220,000 പേര്‍ക്ക് തൊഴില്‍ നഷ്ടം

ലണ്ടന്‍ : ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ കണക്കുകള്‍ ബ്രിട്ടന്‍ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായ സൂചന നല്‍കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തില്‍ ജിഡിപി 20.4 ശതമാനമാണ് കുറഞ്ഞത്. വികസിത രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന രാജ്യമായി ബ്രിട്ടന്‍ മാറുന്നതായാണ് കണക്കുകള്‍.

ജനങ്ങളുടെ ക്രയശേഷി കുറഞ്ഞു. കടകളും വ്യാപാര സ്ഥാപനങ്ങളും പലതും അടച്ചു. ഫാക്ടറികളുടെയും നിര്‍മാണ മേഖലയുടെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ഇതെല്ലാമാണ് 2009നു ശേഷമുള്ള മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നത്.

സര്‍വീസ് സെക്ടറിനെയാണ് ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ബിസിനസുകളെയും തളര്‍ത്തി. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കാര്‍ റിപ്പെയര്‍ സെന്ററുകള്‍ എന്നിവയാണ് ഏറ്റവും തകര്‍ന്നടിഞ്ഞ മേഖലകള്‍. കാറുകളുടെ നിര്‍മാണം 1954നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 220,000 പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏഴുലക്ഷത്തിലധികം പേര്‍ ബ്രിട്ടനില്‍ തൊഴില്‍ രഹിതരായെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും സാമ്പത്തിക രംഗത്തെ നിലവിലുള്ള മാന്ദ്യം കൂടുതല്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നാണ് ചാന്‍സിലര്‍ ഋഷി സുനാക് മുന്നറിയിപ്പു നല്‍കുന്നത്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇപ്പോള്‍ കാണുന്നതെന്നും കൂടുതല്‍ മോശമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ എന്നും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നു.

ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്ത് 9.6 മില്യണ്‍ (96 ലക്ഷം) ആളുകളാണ് ഫര്‍ലോ സ്‌കീമില്‍ തുടരുന്നത്. ഒക്ടോബറില്‍ ഈ സ്‌കീം അവസാനിക്കുന്നതോടെ ഇതില്‍ നല്ലൊരു ഭാഗവും തൊഴില്‍ രഹിതരാകാനുള്ള സാധ്യത ഏറെയാണ്. പ്രവര്‍ത്തനരഹിതമായ സ്ഥാപനങ്ങളിലെ ഈ തൊഴിലാളികളുടെ ശമ്പളത്തിന്റെ 80 ശതമാനം ഇപ്പോള്‍ സര്‍ക്കാരാണ് നല്‍കുന്നത്. ഒക്ടോബറിനു ശേഷം ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇവരെല്ലാം ഒറ്റയടിക്ക് തൊഴില്‍ രഹിതരായി മാറും.

ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ സെക്ടറുകളിലെ വന്‍കിട സ്ഥാപനങ്ങള്‍ പലതും ദിവസേന ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്ന വാര്‍ത്തായാണ് പുറത്തുവരുന്നത്. തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്തോറും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ ബനഫിറ്റിനായി അപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

pathram:
Related Post
Leave a Comment