ബാഗേജ് വിട്ടു നല്‍കാന്‍ സഹായം ചോദിച്ചുവെന്ന സ്വപ്‌നയുടെ മൊഴി ശിവശങ്കരന് വിനയാകും

പത്തനംതിട്ട: സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടു നല്‍കാന്‍ കസ്റ്റംസില്‍ സ്വാധീനം ചെലുത്തണമെന്ന തന്റെ ആവശ്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നിരാകരിച്ചു എന്ന സ്വപ്ന സുരേഷിന്റെ മൊഴി അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രധാന സെക്രട്ടറി സ്വര്‍ണക്കടത്ത് സംബന്ധിച്ച സുപ്രധാന വിവരം അധികൃതര്‍ക്ക് കൈമാറാതെ മറച്ചുവച്ചതാണ് അദ്ദേഹത്തിനെതിരെയുള്ള കുരുക്ക് മുറുകാന്‍ ഇടയാക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സുപ്രധാന വിവരം അടിയന്തരമായി ശിവശങ്കര്‍ പോലീസിനെയും മുഖ്യമന്ത്രിയേയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ കേസിന്റെ ഒരു ഘട്ടത്തിലും ഇക്കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. എന്‍.ഐ.എ ചോദ്യം ചെയ്തപ്പോഴും ഈ വിവരം ശിവശങ്കര്‍ പറഞ്ഞില്ല.

ശിവശങ്കറുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വപ്നയുടെ നീക്കങ്ങള്‍ ആഭ്യന്തര വകുപ്പിനെ അറിയിക്കുന്നതില്‍ സ്പെഷല്‍ ബ്രാഞ്ച് പരാജയപ്പെട്ടു. സ്വപ്നയുടെ നീക്കങ്ങളെപ്പറ്റി ആഭ്യന്തര വകുപ്പിന് ഒന്നും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നാ സുരേഷിന് ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെ ഈ മേഖലയിലേക്ക് ശക്തമായ അന്വേഷണം ഉണ്ടാകും. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ.

കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ എത്തിയതിനു പിന്നില്‍ ദുരുഹതയുണ്ടെന്നു തന്നെയാണ് എന്‍.ഐ.എ കരുതുന്നത്. കേരളത്തില്‍ ആവശ്യത്തിന് ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നുണ്ട്. വിശ്വാസികള്‍ക്ക് സൗജന്യമായി നല്‍കാറുമുണ്ട്. എത്തിയ വിശുദ്ധ ഗ്രന്ഥങ്ങള്‍ എത് ഭാഷയിലാണ് അച്ചടിച്ചത് എന്നതിനെപ്പറ്റിയും പ്രിന്റ് ചെയ്ത സ്ഥാപനത്തെപ്പറ്റിയും അന്വേഷിക്കും. വിദേശത്തു നിന്നും എത്തിയ ഖുറാന്റെ പ്രതികളും പരിശോധിക്കുമെന്നാണ് സൂചന.

pathram:
Leave a Comment