പ്രളയം നേരിടാന്‍ സര്‍ക്കാര്‍ തയാറെടുപ്പുകള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം ശക്തമായി തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തയാറെടുപ്പുകള്‍ നേരത്തെ മുതല്‍ക്കേ കാര്യമായി തന്നെ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് മേഖലയാണ് എല്ലാ കാലത്തും ദുരിതം അനുഭവിക്കേണ്ടി വരുന്ന സ്ഥലം. പത്തനംതിട്ടയിലും കോട്ടയത്തും മഴ പെയ്താല്‍ വെള്ളം ഒഴുകി എത്തിയാല്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വലിയ തോതില്‍ വെള്ളം കയറുന്ന പ്രശ്നമുണ്ടായിരുന്നു. പമ്പ, അച്ചന്‍ കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. അതില്‍ പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം കടലിലേക്ക് പുറന്തള്ളുന്നത് പ്രധാനമായും തോട്ടപ്പള്ളി സ്പില്‍വേ വഴിയാണ്. മുന്‍ വര്‍ഷം ജലം കടലിലേക്ക് ഒഴുക്കാന്‍ 30 മീറ്റര്‍ വീതിയിലാണ് പൊഴി മുറിച്ചു കൊണ്ടിരുന്നത്. ഇത്തവണ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ചു. അവിടെ ആഴം വര്‍ധിപ്പിച്ചു.

അത് ഇപ്പോള്‍ ഗുണം ചെയ്തുവെന്നാണ് മനസിലാക്കുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ പ്രളയ തീവ്രത ഇത്തവണ ഗണ്യമായി കുറഞ്ഞു. പമ്പാ റിവര്‍ ഗേജിംഗ് സ്റ്റേഷന്‍ ആയ ഇറപ്പുഴയില്‍ 2018 ലെ മഹാപ്രളയ സമയത്ത് ഉണ്ടായിരുന്ന ജലനിരപ്പിനേക്കാളും 8 അടിയോളം കുറവുണ്ടായിട്ടു പോലും അന്ന് ഒഴുകിയ നിരക്കില്‍ തന്നെയാണ് തോട്ടപ്പള്ളിയിലൂടെ ഇപ്പോള്‍ ജലം ഒഴുകുന്നത്. എന്നാല്‍ മണിമലയാറില്‍ വെള്ളം ഉയര്‍ന്നതുമൂലം ചില ഇടങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ കൂടി പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനുണ്ട്. അതുപോലെ വയനാട് ജില്ലയിലും ഇത്തരം ചില പദ്ധതികള്‍ നടപ്പാക്കി.

4.5 കോടി രൂപ ചെലവിട്ടു നദികളും തോടുകളുമെല്ലാം വൃത്തിയാക്കി ആഴം കൂട്ടി. അതുകൊണ്ടുതന്നെ വെള്ളം കുടുതല്‍ കെട്ടി നില്‍ക്കുന്ന സാഹചര്യം ഇത്തവണ അധികം ഉണ്ടായില്ല. ഭൂരിഭാഗം ഇടങ്ങളിലും ഇത്തരം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റൂം ഫോര്‍ പമ്പ, റൂം ഫോര്‍ വേമ്പനാട് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment