ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗം വിലയിരുത്തി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടര്‍ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിലുള്ള ഇത്തവണത്തെ തീര്‍ത്ഥാടനകാലം വലിയ വെല്ലുവിളിയാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഈ വര്‍ഷം വളരെ കുറച്ച് തീര്‍ത്ഥാടകരെയേ ദര്‍ശനത്തിന് അനുവദിക്കാനാകുകയുള്ളൂ. പോലീസ് വകുപ്പിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ തീര്‍ത്ഥാടകരുടെ പ്രവേശനം നിയന്ത്രിക്കും. കോവിഡ്-19 രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കുന്നതിനാണ് യോഗം തീരുമാനിച്ചത്.
2018 ലെ പ്രളയത്തില്‍ പമ്പാനദിയില്‍ അടിഞ്ഞ്കൂടിയ മണല്‍ നീക്കം ചെയ്ത് മാറ്റിയിട്ടിരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. 17517 ട്രക്ക് ലോഡ് മണല്‍ ചക്കുപാലം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കാണ് മാറ്റിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് കക്കി ഡാമില്‍ നിന്നും വന്ന ഒഴുക്ക് വെള്ളത്തില്‍ വീണ്ടും ഈ പ്രദേശത്ത് മണല്‍ അടിഞ്ഞ്കൂടിയിട്ടുണ്ടാകാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ ഈ മണലും നീക്കം ചെയ്യേണ്ടതുണ്ട്. മണ്ണിടിച്ചില്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്കെതിരെ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളും മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, ഈ വര്‍ഷം ഡിസാസ്റ്റര്‍ മാനേജ്മെന്റിന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുറക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. എമര്‍ജന്‍സി ഇവാക്വേഷന് ഹെലി കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പത്തനംതിട്ട ജില്ലാ കളക്ടറും, ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും യോഗത്തില്‍ ആവശ്യമുന്നയിച്ചു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ ഇത്തവണത്തെ തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രോഗ വ്യാപനം ഉണ്ടാകാത്ത രീതിയില്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ശബരിമലയില്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. നിലയ്ക്കലില്‍ കോവിഡ് ചികിത്സയ്ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം, തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ഒഴിഞ്ഞു നല്‍കണമെന്നും എന്‍. വാസു ആവശ്യപ്പെട്ടു. കടകള്‍ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം തീര്‍ത്ഥാകര്‍ക്ക് ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ദിവസ വേതന ജീവനക്കാര്‍ക്കും ആവശ്യമായ താമസസൗകര്യം ഒരുക്കും.
പമ്പയില്‍ KSRTC യുടെ സ്ഥലത്ത് 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ജല സംഭരണി നിര്‍മ്മിക്കുന്നതിനും, നിലയ്ക്കലിലും, പമ്പയിലും സന്നിധാനത്തും കുടിവെളളം ലഭ്യമാക്കുന്നതിനും ടോയിലറ്റുകളിലും മറ്റും വെളളം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവെന്ന് വാട്ടര്‍ അതോറിറ്റി എം.ഡി. ഉന്നത തല യോഗത്തില്‍ അറിയിച്ചു. പമ്പയില്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ ചുമതലയിലുള്ള സംരക്ഷണ ഭിത്തി നിര്‍മാണം സെപ്റ്റംബര്‍ 30 ന് പൂര്‍ത്തിയാക്കുമെന്ന് ഇറിഗേഷൻ ചീഫ് എഞ്ചിനീയർ അറിയിച്ചു. ശബരിമല തീര്‍ത്ഥാടന പാതയിലേക്കുള്ള എല്ലാ പൊതുമരാമത്ത് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ഥാടനത്തിന് മുമ്പ് പൂര്‍ത്തിയാക്കും.
പമ്പയിലേയ്ക്കുള്ള റോഡില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ പുതുക്കിപ്പണിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഉന്നതതലയോഗം ചുമതലപ്പെടുത്തി.
തീര്‍ത്ഥാടന പാതയില്‍ അപകടകരമായ സ്ഥിതിയിലുള്ള മരങ്ങള്‍ വനം വകുപ്പ് മുറിച്ചുമാറ്റണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സന്നിധാനത്ത് അരവണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള സ്ഥലത്തെ 8 മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ദീര്‍ഘകാലത്തെ ആവശ്യം പരിഗണിക്കണമെന്ന് ദേവസ്വം മന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റും, വനം വകുപ്പ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക യോഗം ചേരും. പരമ്പരാഗത പാതയിലും, പുല്ലുമേട് പാതയിലും പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കുന്നതിനും യോഗം തീരുമാനിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആരോഗ്യ വകുപ്പ് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും . തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കും. അടഞ്ഞുകിടക്കുന്ന അമൃത ഹോസ്പിറ്റല്‍ ഏറ്റെടുത്ത് ഭക്തര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം നല്‍കുന്ന രീതിയിലേയ്ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർദ്ദേശിച്ചു.
നിലയ്ക്കലിലും, പമ്പയിലും കാനന പാതയിലുടനീളം തടസ്സമില്ലാതെ വെളിച്ചം നല്‍കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേന, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് തുടങ്ങിയവ വകുപ്പുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വേഗം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു.
നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഈ തീര്‍ത്ഥാടനകാലത്ത് സാമൂഹ്യ അകലം പാലിക്കേണ്ടി വരുമെന്നതിനാല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള സ്ഥല സൗകര്യവും, ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യവും വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
റാന്നി, പെരുനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്ലാസ്റ്റിക്ക് നിരോധനം, ഫലപ്രദമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് യോഗം നിര്‍ദ്ദേശം നല്‍കി. മാലിന്യ നിര്‍മ്മാര്‍ജ്ജന നടപടികള്‍ സ്വീകരിക്കുന്നതിനും, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ സന്നദ്ധ സേവനത്തിനായി വിശുദ്ധി സേനാംഗങ്ങളെ തമിഴ് നാട്ടില്‍ നിന്നും വിന്യസിക്കുന്നതിനുള്ള പരിമിതി അഖില ഭാരത അയ്യപ്പ സേവാ സംഘം സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. തീര്‍ത്ഥാടന പാത വൃത്തിയാക്കുന്നതിനും, ടോയിലറ്റുകളും കുടിവെള്ള സ്രോതസ്സുകളും മറ്റും എപ്പോഴും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും, ശുചീകരണ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ തീര്‍ത്ഥാടന കാലത്ത് ഉറപ്പ് വരുത്തും.
കൊവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷത്തെപ്പോലെ വിപുലമായ തീര്‍ത്ഥാടനത്തിന് കഴിഞ്ഞില്ലെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തന്നെ തീര്‍ത്ഥാടനം നടത്തുന്നതിനുള്ള യോഗ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു. ശബരിമലയിലേയ്ക്കുള്ള റോഡുകളില്‍ വിള്ളൽ വീണ ഭാഗങ്ങള്‍ എത്രയും വേഗം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികളുണ്ടാകണമെന്നും, പന്തളത്ത് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഇടത്താവളം വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ശശികുമാരവര്‍മ്മ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്നും രാജപ്രതിനിധി അറിയിച്ചു. പന്തളത്ത് പൂര്‍ത്തീകരിക്കാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ 4 കോടി രൂപയുടെ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന രാജപ്രതിനിധിയുടെ ആവശ്യം ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിപുലമായ യോഗം ചേരുന്നതിന് മുമ്പായി ഉന്നത തല യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു.
Leave a Comment