സ്വര്‍ണകള്ളക്കടത്തില്‍ സ്വപ്ന പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം വലിയ സ്വാധീനമുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നുമുള്ള എന്‍.ഐ.എയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. സ്വര്‍ണകള്ളക്കടത്തില്‍ സ്വപ്ന പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണ സംഘം സമര്‍പ്പിച്ച കേസ് ഡയറിയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ യു.എ.ഇയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കേ കോടതിയില്‍ നിന്ന് അന്വേഷണ സംഘത്തിന് അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്.

സ്വര്‍ണക്കടത്ത് സാമ്പത്തിക കുറ്റകൃത്യം മാത്രമാണെന്നും യു.എ.പി.എ ചുമത്തിയത് തെറ്റാണെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന കുറ്റകൃത്യം ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമുള്ള സ്വപ്ന സ്വര്‍ണമടങ്ങിയ കാര്‍ഗോ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment