സുശാന്തിന്റെ മരണം; ബിഹാര്‍ പോലീസിനെ എതിര്‍ത്ത് മഹാരാഷ്ട്ര ,സിദ്ധാര്‍ഥ് പിഥാനിയെ ഇഡി ഇന്നു ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിങ് കേസില്‍ ബിഹാര്‍ സര്‍ക്കാര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിബിഐ അന്വേഷണത്തെയും മഹാരാഷ്ട്ര ശക്തമായി എതിര്‍ത്തു. പക്ഷപാതരഹിതമായി തങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് കേസില്‍ ബിഹാര്‍ സര്‍ക്കാരിന്റെ ഇടപെടല്‍. മറ്റൊരു സംസ്ഥാനത്തെ കുറ്റകൃത്യത്തിലുള്ള ബിഹാറിന്റെ ഇടപെടല്‍ സംവിധാനങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചുളളതാണ്.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കോടതിയുടെ തീരുമാനം വരുന്നതുവരെ സിബിഐ കാത്തിരിക്കണമെന്നും മുംബൈ പൊലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. തനിക്കെതിരെ സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസില്‍ നല്‍കിയ കേസ് മുംബൈയിലേക്കു മാറ്റണമെന്ന നടന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയിലാണു മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകളോടും സുശാന്തിന്റെ പിതാവിനോടും മറുപടി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

അതേസമയം, സുശാന്തിനെ മരണത്തിലേക്കു നയിച്ചതു കാമുകി റിയ ചക്രവര്‍ത്തി ആണെന്ന് ആരോപിച്ച് പരാതി നല്‍കിയ നടന്റെ പിതാവ് കെ.കെ. സിങ് തന്റെ സത്യവാങ്മൂലത്തില്‍ ബിഹാര്‍ പൊലീസിന്റെ എഫ്ഐആറിനെ ന്യായീകരിച്ചു. സിബിഐ അന്വേഷണത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ട റിയ ഇപ്പോള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും പിതാവ് ചോദിച്ചു. മുന്‍വിധിയോടെയുള്ളതാണു റിയയുടെ അപേക്ഷയെന്നും അതിന്റെ പേരില്‍ കേസ് മുംബൈയിലേക്കു മാറ്റരുതെന്നുമാണ് ബിഹാര്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്.

സുശാന്ത് സിങ് കേസ് രാഷ്ട്രീയവല്‍കരിക്കുന്നത് മഹാരാഷ്ട്രയ്‌ക്കെതിരെയുള്ള ചിലരുടെ ഗൂഡാലോചനയുടെ ഭാഗമായാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. എഴുതിത്തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. ഇറങ്ങിത്തിരിച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കേസില്‍ പെട്ടെന്നുണ്ടായ നീക്കങ്ങളും സിബിഐ അന്വേഷണം പ്രഖ്യാപിക്കലുമെല്ലാം ചേര്‍ത്തുവച്ചുനോക്കിയാല്‍ ആര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകും. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളും സിനിമാപ്രവര്‍ത്തകരും ബിസിനസ്സുകാരുമെല്ലാം സുശാന്തിന്റെ മരണത്തിനു പിന്നിലുണ്ടെന്ന മട്ടിലാണ് ബിഹാര്‍ സര്‍ക്കാരിന്റെ പ്രചാരണം.

നവംബര്‍ 26 മുംബൈ ആക്രമണമടക്കം ഒട്ടേറെ പ്രമാദമായ കേസുകള്‍ അന്വേഷിച്ച സര്‍ക്കാരും പൊലീസുമാണ് മഹാരാഷ്ട്രയുടേത്. അജ്മല്‍ കസബിനെ തൂക്കിലേറ്റി. മുംബൈ പൊലീസിനെ താറടിച്ചു കാണിക്കാനാണ് ഇപ്പോള്‍ ശ്രമം. പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും ഇഡിയിയും സിബിഐയും ചോദ്യം ചെയ്തിട്ടുണ്ട്. ഗോധ്ര കേസ് സിബിഐയ്ക്ക് കൈമാറരുതെന്നും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അത് രാഷ്ട്രീയ ആയുധമാക്കുമെന്നും വാദിച്ചിരുന്നവരാണ് അവര്‍. അതേ വാദത്തിന് ഈ കേസിലും പ്രസക്തിയില്ലേയെന്ന് സഞ്ജയ് റാവുത്ത് ലേഖനത്തില്‍ ചോദിച്ചു.

അതേസമയം സുശാന്ത് കേസില്‍ നടന്റെ സുഹൃത്തും ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ സഹവാസിയുമായിരുന്ന സിദ്ധാര്‍ഥ് പിഥാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് (ഇഡി) ഇന്നു ചോദ്യം ചെയ്‌തേക്കും. ശനിയാഴ്ച അന്വേഷണത്തിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിരുന്നെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് സിദ്ധാര്‍ഥ് നല്‍കിയിരുന്നത്. റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനെ കേസില്‍ 18 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യംചെയ്യല്‍ ഇന്നലെ രാവിലെ 6.30നാണു പൂര്‍ത്തിയായത്.

pathram:
Related Post
Leave a Comment