ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ബന്ധുക്കളുടെയും സുശാന്തിന്റെ സുഹൃത്തും നടനുമായ സിദ്ധാർഥ് പിത്താനിയുടെയും മൊഴി രേഖപ്പെടുത്തും. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ അക്കൗണ്ടിൽ നിന്ന് പതിനഞ്ച് കോടി രൂപ നടി റിയ ചക്രവർത്തി വകമാറ്റിയെന്നും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിച്ചുമെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച എട്ട് മണിക്കൂറിലേറെ റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു.
സഹോദരൻ ഷൊവിക് ചക്രവർത്തിയെ 18 മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇന്നലെ പുലർച്ചെയാണ് വിട്ടയച്ചത്. ഇന്ന് നടിയെയും അച്ഛനെയും അടുത്ത ബന്ധുക്കളെയും ഇ ഡി ചോദ്യം ചെയ്യും. സുശാന്തിന്റെ സുഹൃത്തും നടനുമായ സിദ്ധാർഥ് പിത്താനിയുടെയും മൊഴിയെടുക്കും.
അതേസമയം സിബിഐ അന്വേഷണത്തെ സുപ്രിംകോടതിയിൽ ശക്തമായി എതിർക്കാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോൾ തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കും
Leave a Comment