പെട്ടിമുടിയില്‍ മരണ സംഖ്യ ഉയരുന്നു; 45 പേരെ ഇനി കണ്ടെത്താനുണ്ട്

പെട്ടിമുടി: മൂന്നാര്‍ രാജമലയ്ക്കുസമീപം പെട്ടിമുടിയില്‍ തോട്ടംതൊഴിലാളി ലയങ്ങള്‍ക്കുമേല്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ശനിയാഴ്ച മണ്ണിനടിയില്‍നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 26 ആയി.

മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ പെട്ടിമുടിക്കുസമീപത്തെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കണ്ണന്‍ ദേവന്‍ കമ്പനിയുടെ രാജമലയിലെ ഭൂമിയില്‍ സംസ്‌കരിച്ചു.

വെള്ളിയാഴ്ച വൈകീട്ട് അവസാനിപ്പിച്ച രക്ഷാപ്രവര്‍ത്തനം ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ എട്ടിന് പുനരാരംഭിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ശനിയാഴ്ച രാവിലെ മഴയുടെ ശക്തി കുറഞ്ഞത് സഹായമായി.

പ്രദേശവാസികളുടെ സഹായത്തോടെ ഓരോ ലയവും ഇരുന്ന സ്ഥാനങ്ങള്‍ നോക്കിയാണ് മണ്ണുമാറ്റിയത്. ഉച്ചയ്ക്കുമുന്പുതന്നെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉച്ചയ്ക്കുശേഷം മഴ ശക്തമായതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതിമന്ത്രി എം.എം.മണി, ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വനംവകുപ്പിന്റെ സമാശ്വാസഫണ്ടില്‍നിന്ന് 50,000 രൂപവീതം നല്‍കുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി പറഞ്ഞു. വാച്ചര്‍മാരായ മണികണ്ഠന്‍, അച്യുതന്‍, രാജ, ഡ്രൈവര്‍മാരായ ഗണേശന്‍, മയില്‍സ്വാമി, ലേഡിവാച്ചര്‍ രേഖ എന്നിവരെയാണ് ദുരന്തത്തില്‍ കാണാതായത്. ഇതില്‍ രേഖയുടെ മൃതദേഹം ലഭിച്ചു. ഇവരെല്ലാം താത്കാലിക ജീവനക്കാരാണ്.

pathram:
Related Post
Leave a Comment