മെച്ചപ്പെട്ട പരിശോധന നടത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാനുള്ള ബ്രിട്ടന്റെ തീരുമാനം വന്‍ തിരിച്ചടിയാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ, രോഗ നിര്‍ണയ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആദ്യ തരംഗത്തേക്കാൾ ഗുരുതരമായ കോവിഡിന്റെ രണ്ടാം തരംഗമാണ് മഞ്ഞുകാലത്ത് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പഠനം പറയുന്നു.
യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെയും ഗവേഷകരാണ് സ്‌കൂള്‍ തുറന്ന ശേഷമുള്ള സ്ഥിതി ശാസ്ത്രീയ മോഡലുകളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചത്. സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കേണ്ടത് ദേശീയ മുന്‍ഗണനയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.
കോവിഡ് ബാധ മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് ബ്രിട്ടനിലെ സ്‌കൂളുകള്‍ അടച്ചത്. കോവിഡ് രോഗലക്ഷണമുള്ളവരില്‍ 75 ശതമാനത്തെയും തിരിച്ചറിഞ്ഞ് പരിശോധിക്കുകയും അവരുമായി സമ്പർക്കമുണ്ടായ 68 ശതമാനം പേരെയും കണ്ടെത്തി പരിശോധിക്കുകയും ചെയ്താല്‍ കോവിഡ് രണ്ടാം തരംഗം തടയാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ ലക്ഷണമുള്ള 87 ശതമാനം പേരെയും കണ്ടെത്തി പരിശോധിക്കുകയും അവര്‍ ബന്ധപ്പെട്ട 40 ശതമാനം പേരെയും പരിശോധിക്കുകയും വേണം.
കൂടുതല്‍ മെച്ചപ്പെട്ട പരിശോധന, രോഗനിര്‍ണയം എന്നിവയൊന്നുമില്ലാതെ സ്‌കൂളുകള്‍ തുറക്കുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്താല്‍ അതിശക്തമായ കോവിഡ് രണ്ടാം തരംഗം ഉണ്ടാവുകയും 2020 ഡിസംബറോടെ അത് മൂര്‍ധന്യത്തില്‍ എത്തുകയും ചെയ്യുമെന്ന് ദ് ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോലെസന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ ബ്രിട്ടനിലെ ടെസ്റ്റ് ആന്‍ഡ് ട്രെയ്‌സ് സംവിധാനം, കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരിൽ 50 ശതമാനം പേരിലേക്കേ എത്തുന്നുള്ളൂവെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജസ്മിന പാനോവ്‌സ്‌ക ഗ്രിഫിത്‌സ് പറയുന്നു.
Leave a Comment