പമ്പ ത്രിവേണി പൂർണമായും മുങ്ങി; പത്തനംതിട്ടയിൽ കനത്തമഴ

പത്തനംതിട്ട: 24 മണിക്കൂർ പിന്നിട്ട് ജില്ലയിൽ കനത്ത മഴ തുടരുന്നു. പമ്പയിൽ രാവിലെ താഴ്ന്ന ജലനിരപ്പ് പിന്നെയും ഉയർന്നു. വനത്തിൽ വലിയ ഉരുൾ പൊട്ടൽ ഉണ്ടായതായാണ് അനുമാനം. വലിയ മരങ്ങൾ ഒഴുകി വരുന്നുണ്ട്. പമ്പ ത്രിവേണി പൂർണമായും മുങ്ങി.

നാളെ നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് പ്രളയം. 2018 ൽ നിറപുത്തരി ചടങ്ങുകൾക്ക് നെൽക്കതിർ സന്നിധാനത്ത് എത്തിക്കാൻ പമ്പ നീന്തിക്കടക്കേണ്ടി വന്നിരുന്നു. അതിനുശേഷം നിറപുത്തരിക്കായുള്ള നെല്ല് സന്നിധാനത്തുതന്നെ കൃഷി ചെയ്യുകയാണ്. അതുകൊണ്ട് ഇത്തവണ ചടങ്ങുകൾ മുടങ്ങില്ല. മേൽശാന്തിയും സന്നിധാനത്ത് ഉണ്ട്. തന്ത്രിയെ എത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

ജനവാസ മേഖലയായ റാന്നിയിൽ പമ്പ കരയോടു ചേർന്നാണ് ഒഴുകുന്നത്. ടൗണിൽ ഉപാസനക്കടവിൽ വെള്ളം കരയിലേക്കു കയറിത്തുടങ്ങി. ഇതുവഴിയാണ് നഗരത്തിലേക്കു വെള്ളം കയറുന്നത്.

കുറുമ്പൻമൂഴി, മുക്കം, കണമല, എയ്ഞ്ചൽവാലി കോസ്‌വേകൾ പൂർണമായും വെള്ളത്തിലായി. ഇവിടെ കോസ്‌വേയ്ക്ക് 5 അടി മുകളിലൂടെയാണ് പ്രളയ ജലം ഒഴുകുന്നത്. ജലനിരപ്പ് കുറവായിരുന്നതിനാൽ പ്രളയ ജലം ഉൾക്കൊള്ളാനുള്ള ശേഷി നദിയിലും കൈവഴികളിലുമുണ്ടായിരുന്നു. എന്നാൽ, രാവിലെ പമ്പയിൽ‍ ത്രിവേണി കവിഞ്ഞ് വെളളം താഴേക്ക് ഒഴുകിത്തുടങ്ങി. ഇതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും.

pathram desk 2:
Related Post
Leave a Comment