ലഡാക്കിലെ ചൈനീസ് കൈയേറ്റം അംഗീകരിച്ച് പ്രതിരോധ മന്ത്രാലയം ; എന്നിട്ടും മോദി എന്തിന് കള്ളം പറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ചൈനീസ് കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. എന്തു കൊണ്ടാണ് പ്രധാനമന്ത്രി നുണ പറയുന്നതെന്നും രാഹുല്‍ ചോദിച്ചു.

മെയ് മാസത്തില്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈന കൈയേറ്റം നടത്തിയെന്ന് പ്രതിരോധം മന്ത്രാലയം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തിന് മുമ്പാണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയേറിയതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘മെയ് 17,18 തിയതികളില്‍ കുഗ്രാങ് നള (പട്രോളിങ് പോയിന്റ് 15-ന് സമീപം), ഗോഗ്ര (പിപി-17എ), പാങോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് പക്ഷം അതിക്രമിച്ചു കയറി.’ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള രേഖകളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുമായുള്ള സംഘര്‍ഷം നീണ്ടും നില്‍ക്കാമെന്നും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് ഉടനടി നടപടി ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗാല്‍വന്‍ സംഘര്‍ഷത്തിന് പിന്നാലെ ഒരിഞ്ച് ഭൂമി പോലും ആരും കൈയേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനെ ലക്ഷ്യമിട്ടാണ് പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി രാഹുലിന്റെ ആക്രമണം.

pathram:
Related Post
Leave a Comment