തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍നിന്നും സി.ബി.ഐ. സംഘം മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്.ഐ.ആറും സി.ബി.ഐ. സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്.
2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരിച്ചു.
ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടക്കം മുതലേ ദുരൂഹത ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ മാനേജറായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കളും മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായി. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ ശക്തമായത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
Leave a Comment