അഫ്ഗാനന്‍ ജയിലില്‍ തീവ്രവാദി ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഐ.എസ്. ഭീകരനെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി കല്ലുകെട്ടിയപുരയില്‍ ഇജാസ് എന്ന കെ.പി. ഇജാസ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 10 ഭീകരര്‍ ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്.

സമീപകാലത്ത് അഫ്ഗാനിസ്താനെ നടുക്കിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം ജലാലാബാദ് ജയിലില്‍ നടന്നത്. ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളിയാണ് എന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാനില്‍നിന്ന് റോയുടെ സന്ദേശം ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പെടെ കൈമാറിയിട്ടുണ്ട്.

2013ല്‍ അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇജാസ് കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭ്യമായിരുന്ന വിവരം എന്നാല്‍ ജലാലാബാദ് ജയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഇജാസ് ആണെന്നാണ് റോ ഇപ്പോള്‍ സംശയിക്കുന്നത്.

ഞായറാഴ്ച നടന്ന ആക്രമണത്തില്‍ മുപ്പതോളം ഐ.എസ്. ഭീകരന്മാരായിരുന്നു പങ്കെടുത്തത്. ജയിലിനുള്ളിലുണ്ടായിരുന്ന ആയിരത്തോളം ഐ.എസ്. ഭീകരന്മാരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ആദ്യഘട്ടം, ഒരു കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് ജയിലിനു മുന്നില്‍ സ്ഫോടനം നടത്തുക എന്നായിരുന്നു. ഇതിന് നേതൃത്വം നല്‍കിയ ചാവേര്‍ ആയിരുന്നു ഇജാസ് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തുന്നു എന്നാണ് രഹസ്യാന്വേഷണവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കാസര്‍കോട്ടുനിന്ന് നിരവധി പേര്‍ അഫ്ഗാനിലെ ഐ.എസ് ക്യാമ്പിലേക്ക് പോകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു നേതൃത്വം നല്‍കിയിരുന്നത് ഇജാസ് ആണെന്നാണ് വിവരം. വിദേശരാജ്യങ്ങളില്‍ പഠനം നടത്തിയ ആളാണ് ഇജാസ്. കുറച്ചുകാലം കാസര്‍കോട്ട് ജോലി നോക്കിയിരുന്നു. പിന്നീട് കൊളംബോ വഴി അഫ്ഗാനിസ്താനിലേക്ക് പോവുകയായിരുന്നു. 2013-14ല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇജാസ് കൊല്ലപ്പെട്ടു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടിലുള്ള ബന്ധുക്കള്‍ നല്‍കിയിരുന്ന വിവരം.

നേരത്തെ അഫ്ഗാനിസ്താനിലെ സിഖ് ഗുരുദ്വാരയ്ക്കു നേരെ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയതും ഒരു മലയാളി ഐ.എസ്. ഭീകരന്‍ ആയിരുന്നു.

pathram:
Related Post
Leave a Comment