കോവിഡ് വാക്‌സിന്‍; 17 ഇടങ്ങളില്‍ 18 വയസ്സിനു മുകളിലുള്ള 1,600 പേരില്‍ പരീക്ഷണം, ആദ്യദിനം ഒരു ഡോസും 29 ാം ദിവസം അടുത്ത ഡോസും അവസാന ഘട്ടം ഇന്ത്യയില്‍ അനുമതി നല്‍കി

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. കോവിഡ് 19 വിഷയ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ വിലയിരുത്തിയ ശേഷം ഞായറാഴ്ച രാത്രിയോടെയാണ് ഡിസിജിഐ ഡോ. വി.ജി. സൊമാനി ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയത്.

മൂന്നാംഘട്ട ട്രയല്‍ നടത്തുന്നതിനു മുമ്പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് സുരക്ഷാ ഡേറ്റ കൈമാറണമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരുന്നു പരീക്ഷിക്കുന്നവര്‍ക്ക് നാലാഴ്ച ഇടവിട്ട് രണ്ട് ഡോസ് വാക്സിനാണു നല്‍കുന്നത് (ആദ്യദിനം ഒരു ഡോസും 29 ാം ദിവസം അടുത്ത ഡോസും). തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ സുരക്ഷയും പ്രതിരോധ ശക്തിയും വിലയിരുത്തും.

ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ വാക്സിന്റെ ഒന്നും രണ്ടും ഘട്ട ട്രയലിന്റെ വിവരങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ വിദഗ്ധ സമിതി ‘കോവിഷീല്‍ഡി’ന്റെ അവസാനഘട്ട ക്ലിനിക്കല്‍ ട്രയലിന് അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. നിലവില്‍ വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയല്‍ യുകെയിലും മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ബ്രസീലിലും ഒന്നും രണ്ടും ഘട്ട ട്രയല്‍ ദക്ഷിണാഫ്രിക്കയിലും നടക്കുന്നുണ്ട്.

ജൂലൈ 28ന് സെറം ഇന്റസ്റ്റിറ്റിയൂട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും വിഷയ വിദഗ്ധ സമിതി കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ അപേക്ഷ ബുധനാഴ്ചയാണു വീണ്ടും നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണം നടത്താനാണ് സ്ഥാപനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി എയിംസ് ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 17 ഇടങ്ങളില്‍ 18 വയസ്സിനു മുകളിലുള്ള 1,600 പേരാണ് ക്ലിനിക്കല്‍ ട്രയലില്‍ പങ്കാളികളാകുന്നത്. പരീക്ഷണം വിജയകരമായാല്‍ നവംബര്‍ അവസാനത്തോടെ മരുന്ന് വിപണിയിലെത്തിക്കാമെന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment