തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായിരുന്ന കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിടും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാകട്ടെ ഇതിനോടകം സര്‍വ്വീസില്‍ തിരിച്ചെത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചായിരുന്നു അപകടം.
മ്യൂസിയം പൊലീസ് സ്റ്റേഷന്‍റെ മൂക്കിന് മുന്നിലുണ്ടായ അപകടത്തില്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാന്‍ നടന്ന ഉന്നതതല നീക്കങ്ങള്‍ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.
മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടും കേസ് എടുക്കാന്‍ ആദ്യം പൊലീസ് മടിച്ചു. ശ്രീറാമിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയച്ചു. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നപ്പോള്‍ മാത്രം കേസെടുത്തു, സ്വകാര്യ ആശുപത്രിയില്‍ വളരെ വൈകി നടത്തിയ പരിശോധനയില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താന്‍ കഴിയാത്തതോടെ കേസ് ശ്രീറാമിന്‍റെ വഴിക്കായി തുടങ്ങി.
വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹുൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ഇത് ശരിയല്ലെന്ന വഫ തന്നെ മൊഴി നല്‍കി. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. പിന്നാലെ ശ്രീറാമിന് സസ്പെന്‍ഷന്‍. ശ്രീറാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരു ദിവസം പോലും ജയിലില്‍ കഴിയാതെ ആശുപത്രിയില്‍ താമസത്തിന് അവസരമൊരുക്കി.
ലോക്കല്‍ പൊലീസില്‍ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം ശ്രീറാമിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. ഇതിനിടെ രണ്ട് തവണ കോടതി നോട്ടീസ് നല്‍കിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല.
അപകടം ഉണ്ടായ നഗരമധ്യത്തിലെ മ്യൂസിയം സ്റ്റേഷന്‍ പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതായിരുന്നു കേസിലെ മറ്റൊരു തിരിച്ചടി. ഒരു വര്‍ഷം പിന്നിടുമ്ബോഴും ക്യാമറകളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ബഷീറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കി. പക്ഷെ കേസിന്‍റെ സ്ഥിതിയെന്താണ്. ഉന്നതബന്ധമുണ്ടെങ്കില്‍ ഒരു കേസ് എങ്ങിനെ അട്ടിമറിക്കാമെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരമാണ് ഈ കേസ്
Leave a Comment