ആംബുലൻസ് കിട്ടിയില്ല; കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തു വണ്ടിയില്‍

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തു വണ്ടിയില്‍. തമിഴ്നാട്ടിലെ തേനിയിലാണ് ദാരുണ സംഭവം നടന്നത്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആംബുലന്‍സ് ലഭിക്കാതെ വന്നതോടെയാണ് മരിച്ചയാളുടെ ബന്ധു മൃതദേഹം ഉന്തു വണ്ടിയിലേറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

തേനി ജില്ലയിലെ ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ അഴകുപ്പിള്ള സ്ട്രീറ്റിലെ ചിന്നമ്മാൾ ശനിയാഴ്ചയാണ് മരിച്ചത്. ഉദര സംബന്ധമായ അസുഖം കാരണം ചിന്നമ്മാൾ ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് പരിശോധന നടത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് വെള്ളിയാച രോഗബാധ സ്ഥിരീകരിച്ചു. കിടക്ക ഒഴിവില്ലാത്തതിനാല്‍ തത്കാലം വീട്ടില്‍ കഴിയാനും അടുത്ത ദിവസം ആശുപത്രിയിലേയ്ക്ക് മാറ്റാമെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ശനിയാഴ്ച മരണം സംഭവിച്ചു. ഇവര്‍ മരിച്ച കാര്യം ബന്ധുക്കള്‍ ഗൂഡല്ലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ അറിയിക്കുകയും, മൃതദേഹം സംസ്‌കരിക്കുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ലഭ്യമാക്കണമെന്ന് ഉദ്യോസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ഇവ കൊവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണെന്നുമുള്ള മറുപടിയാണ് ഇവർക്ക് ലഭിച്ചത്.

ഇവരുടെ സമുദായ സംഘടനകൾ ഉള്‍പ്പെടെയുള്ളവർ ശവമഞ്ച വാഹനത്തിനായി ശ്രമിച്ചെങ്കിലും കൊറോണാ ഭീതി മൂലം ആരും വരാന്‍ തയ്യാറായില്ല. ഇതോടെ സമീപത്തെ പി.എച്ച്.സി.യില്‍ നിന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എങ്ങനെ മറവു ചെയ്യണമെന്ന കാര്യങ്ങള്‍ ബന്ധുക്കള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തില്‍ എത്തിച്ചു. എന്നാല്‍ ഉന്തുവണ്ടിയില്‍ മൃതദേഹം കൊണ്ടു വന്നയാളോ അനുഗമിച്ചിരുന്നവരോ പി.പി.ഇ കിറ്റോ മറ്റ് പ്രതിരോധ മാര്‍ഗ്ഗങ്ങളോ സ്വീകരിച്ചിരുന്നില്ല. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാനായുളള മാർഗനിർദേശങ്ങൾ കൃത്യമായി ഉള്ളപ്പോളാണ് ഇത്തരം ഒരു ദാരുണ സംഭവം തമിഴ്നാട്ടിൽ അരങ്ങേറിയത്.

pathram desk 2:
Related Post
Leave a Comment