സ്വപ്‌നയ്‌ക്കെതിരേ ശിവശങ്കര്‍ നിര്‍ണായക മൊഴി നല്‍കി; സ്വര്‍ണം പിടിച്ചപ്പോള്‍ ബാഗേജ് വിട്ടുകിട്ടാന്‍ തന്നെ വിളിച്ചു…

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായകമൊഴി നൽകി എം. ശിവശങ്കർ. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നതായാണ് ശിവശങ്കറിന്റെ മൊഴി. എന്നാൽ ബാഗേജിന്റെ കാര്യത്തിൽ താൻ ഇടപെടില്ലെന്ന് സ്വപ്നയോട് പറഞ്ഞതായും ശിവശങ്കറിന്റെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം എൻ.ഐ.എ. സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജ് സംശയം തോന്നി കസ്റ്റംസ് സംഘം വിമാനത്താവളത്തിൽ പിടിച്ചുവച്ചിരുന്നു. ഈ സമയത്താണ് ബാഗേജ് വിട്ടുകിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഫോണിൽ വിളിച്ചത്. എന്നാൽ കോൺസുലേറ്റിന്റെ വിഷയമായതിനാൽ ഇടപെടാനാകില്ലെന്നാണ് താൻ പറഞ്ഞതെന്നും ശിവശങ്കർ എൻ.ഐ.എ. സംഘത്തോട് വെളിപ്പെടുത്തി. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് എൻ.ഐ.എ. സംഘം കഴിഞ്ഞ ദിവസങ്ങളിൽ ശിവശങ്കറെ ചോദ്യം ചെയ്തത്.

അതിനിടെ, സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറ്റാഷെക്കെതിരേ മൊഴി നൽകിയതോടെയാണ് ഇരുവരെയും ചോദ്യം ചെയ്യാൻ അനുമതി തേടി എൻ.ഐ.എ. കേന്ദ്രത്തെ സമീപിക്കുന്നത്.

അറ്റാഷെയുടെ അറിവോടെയാണ് സ്വർണം കടത്തിയതെന്നും ഇതിന് കമ്മീഷൻ നൽകിയിരുന്നതായും സ്വപ്ന കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ഓരോ തവണ സ്വർണം കടത്തുമ്പോഴും അറ്റാഷെ കൂടുതൽ കമ്മീഷൻ ചോദിച്ചതിനാൽ സ്വർണത്തിന്റെ തൂക്കം കുറച്ചാണ് പറഞ്ഞതെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കേസിൽ അറ്റാഷെയെയും കോൺസുലേറ്റ് ജനറലിനെയും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായത്.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment