നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍; മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്ന് സഹോദരന്‍

പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവു മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യയെന്ന റിപ്പോര്‍ട്ട് കുടുംബാംഗങ്ങള്‍ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ടി.ടി. മത്തായിയുടെ സഹോദരന്‍ രംഗത്തെത്തി. കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നെന്നാണ് സഹോദരന്റെ ആരോപണം. അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അദ്ദേഹം പറയുന്നു. ഭര്‍ത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു.

ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി. മത്തായിയുടെ (പൊന്നുമോന്‍ – 41) മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്നു കണ്ടെത്തിയത്. സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ ചെയര്‍മാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്. മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചര്‍ അടക്കമുള്ള 7 വനപാലകര്‍ നിര്‍ബന്ധിത അവധിയിലാണ്.

നാട്ടുകാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടത്. ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനപാലകര്‍ കസ്റ്റഡിയിലെടുത്ത ടി.ടി. മത്തായിയുടെ മൃതദേഹം രാത്രിയാണ് വീടിനോട് ചേര്‍ന്ന കിണറ്റില്‍ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് അവശനാക്കി കിണറ്റില്‍ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

pathram:
Leave a Comment