തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല, പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റില്‍

വോട്ടെടുപ്പ് ഒക്ടോബര്‍ / നവംബറില്‍, 65 കഴിഞ്ഞവര്‍ക്ക് വോട്ടു ചെയ്യാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.

തിരുവനന്തപുരം : കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ അറിയിച്ചു.

ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു. പ്രചാരണത്തിന് കര്‍ശന നിയന്ത്രണങ്ങൾ ഉണ്ടാകും. പൊതു സമ്മേളനങ്ങള്‍ക്ക് പകരം മാദ്ധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്ക് മാസ്‌ക്കും കൈയുറകളും നല്‍കും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും.
എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സാനിറ്റൈസറുണ്ടാകും. വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും.
75 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ / പ്രോക്‌സി വോട്ടുകളും പരിഗണിക്കുന്നുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്‌സി വോട്ട് (വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ടിടാം) ചെയ്യാന്‍ അനുമതി നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് – മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും.

താത്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതിയാകും. 65വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ / പ്രോക്‌സി വോട്ട് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ 75 കഴിഞ്ഞവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാദ്ധ്യത. 65 കഴിഞ്ഞവര്‍ക്ക് വോട്ടു ചെയ്യാന്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാം വാരം പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കാത്തതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ നീക്കുന്ന നടപടികള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടത്തി വരികയാണ്.

കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ്. പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

pathram desk 2:
Leave a Comment