രക്ഷപെടുത്തിയത് വീട്ടില്‍നിന്നും 40 കിലോമീറ്റര്‍ അകലെ വച്ച്; നാടിന് അഭിമാനം; ആറ്റില്‍വീണ് മണിക്കൂറുകളോളം ഒഴുകിയ 68കാരിയെ രക്ഷിച്ച റെജിയെ അഭിനന്ദിച്ച് കോടിയേരി

തിരുവനന്തപുരം: മണിമലയാറ്റില്‍ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഓമന സുരേന്ദ്രനെന്ന അറുപത്തിയെട്ടുകാരിയെ സാഹസികമായി രക്ഷിച്ച റെജിയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഎമ്മിന്റെ തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് റെജി. റെജിയുടെ പ്രവൃത്തി നാടിനാകെ ആവേശം പകരുന്ന കാര്യമാണെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മഹാമാരിയുടെ കാലത്ത് റെജിയെപ്പോലുളളവര്‍ സംസ്ഥാനത്തിന് മാതൃകയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന മനുഷ്യത്വം തുടിക്കുന്ന വാര്‍ത്തകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നായകരാവുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നുണ്ട്.

സിപിഐ എം ന്റെ തിരുവല്ല പ്ലാമ്പറമ്പിലെ ബ്രാഞ്ച് സെക്രട്ടറിയായ സഖാവ് റെജി, മണിമലയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ചത് നാടിനാകെ ആവേശം പകരുന്ന കാര്യമാണ്. നാടിനും നാട്ടുകാര്‍ക്കും വേണ്ടി സ്വജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സഖാവ് റെജിയെ പോലുള്ളവര്‍ മാനവീകതയുടെ പ്രകാശകിരണങ്ങളാണ്.

വയോധികയായ ഓമന ആറ്റിലൂടെ ഒഴുകിയപ്പോള്‍, മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി നിന്നപ്പോഴാണ് ജീവന്റെ തുടിപ്പ് മനസിലാക്കിയ സഖാവ്, വളരെ ആഴമുള്ള ആറ്റിലെ കുത്തൊഴുക്കിനെ വകവെക്കാതെ ഓമനയെ രക്ഷിച്ചത്.

അവശയായ ഓമനയെ കരയ്ക്കെത്തിച്ചയുടന്‍ കാഴ്ചക്കാരായി നില്‍ക്കാതെ, ജീവന്‍ രക്ഷിക്കാനായി തിരുവല്ല ഗവ. ആശുപത്രിയിലേക്ക് കുതിച്ച പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും ഓമനയ്ക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

മഹാമാരിയുടെ ഈ കാലത്ത് കെട്ടമനസ്സുകള്‍ നാട്ടില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ റെജിയെ പോലുള്ള സഖാക്കള്‍ മാതൃകകളായി മാറുകയാണ്. – അഭിവാദ്യങ്ങള്‍

വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ തിരുവല്ലയിലെ കുറ്റൂരിന് സമീപം മണിമല നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിന് അടുത്തുവെച്ചാണ്
ഓമന സുരേന്ദ്രന്‍ നദിയിലൂടെ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തീരത്തെ മത്സ്യത്തൊഴിലാളികളും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഫയര്‍ഫോഴ്‌സും പോലീസും എത്തി. 10.25-ന് തിരുമൂലപുരം വെളിയം കടവിന് സമീപത്തുവെച്ച് മത്സ്യത്തൊഴിലാളി തിരുമൂലപുരം തയ്യില്‍ പള്ളത്ത് റെജിയും ബന്ധു ജോയ് വര്‍ഗീസും ചേര്‍ന്നാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്. അബോധാവസ്ഥയിലായിരുന്ന ഓമനയെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു.

‘തിരച്ചില്‍ മതിയാക്കി മടങ്ങാമെന്ന് കരുതിയപ്പോഴാണ് ഓളപ്പരപ്പിനിടയില്‍ ഒരു കണ്ണ് ശ്രദ്ധയില്‍പ്പെട്ടത്. അപ്പാപ്പന്‍ ജോയ് വര്‍ഗീസിനൊപ്പം വള്ളം അവിടേക്ക് നീക്കി. ഒഴുകിയെത്തുന്നത് ഒരു വയോധികയാണെന്ന് മനസ്സിലായി. ജീവനുണ്ടാകുമെന്ന് ഉള്ളിലൊരുറപ്പ്. വെള്ളത്തില്‍നിന്ന് ആ അമ്മയുടെ തല ഉയര്‍ത്തിപ്പിടിച്ച് കരയിലേക്ക് വള്ളം അടുപ്പിച്ചു’- ഓമനയെ രക്ഷിച്ച റെജി പറയുന്നു.

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയാണ് തിരുമൂലപുരം തയ്യില്‍ പള്ളത്ത് വര്‍ഗീസ് മത്തായി(റെജി-37). എം.സി.റോഡിന് പടിഞ്ഞാറ് വെളിയം കടവിന് സമീപത്തുവെച്ചാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്. സി.പി.എം. തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് റെജി. കുറ്റൂര്‍ വഞ്ചിമലയില്‍ വി.ആര്‍.രാജേഷാണ് ഓമന ഒഴുകിപ്പോകുന്നത് ആദ്യം കണ്ടത്.

രാവിലെ ഒന്‍പതരയോടെ മണിമല റെയില്‍വേ പാലത്തിന് സമീപം നില്‍ക്കുകയായിരുന്ന രാജേഷും സുഹൃത്തുക്കളും വിവരം നദീതീരത്ത് വള്ളമുള്ളവരെയെല്ലാം അറിയിച്ചു.ഇരുവെള്ളിപ്പറ ചുങ്കത്തില്‍ ടിറ്റോ തോമസ്, കല്ലിടുക്കില്‍ എസ്.ആര്‍.ബിജു തുടങ്ങിയവര്‍ വിവിധയിടങ്ങളിലേക്ക് സന്ദേശം കൈമാറി. ഫയര്‍ഫോഴ്‌സും പോലീസും തിരച്ചിലിനെത്തി.

ബോധം തിരികെ കിട്ടിയപ്പോള്‍ ഓമനയാണ് ആശുപത്രി അധികൃതരെ സ്വന്തം വിലാസം അറിയിച്ചത്. വിവരം അറിഞ്ഞ് മകന്‍ രാജേഷ് കുമാര്‍ എത്തി അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓമന എവിടെ വെച്ചാണ് നദിയില്‍ അകപ്പെട്ടതെന്ന് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

മണിമലയിലെ വീടിന് തൊട്ടടുത്താണ് നദി. അവിടെ വെച്ചാണ് നദിയില്‍ വീണതെങ്കില്‍ 40 കിലോമീറ്ററോളം കുത്തൊഴുക്കില്‍പ്പെട്ടാണ് തിരുവല്ലയില്‍ എത്തിയത്. മകന്‍ രാജേഷ് കുമാറിനൊപ്പമാണ് ഓമന താമസം. ബുധനാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്ന ഓമനയെ വ്യാഴാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ മണിമല പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം സംബന്ധിച്ച് വ്യക്തമായ വിവരം തരാനുള്ള ആരോഗ്യാവസ്ഥയിലല്ല ഓമനയെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment