കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സക്ക് വിപുലമായ സൗകര്യങ്ങൾ

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലാകുന്നരോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി. കൂടുതൽ ഐ. സി. യു ബെഡുകളും വെന്റിലേറ്ററുകളും ഉറപ്പാക്കി അപകടാവസ്ഥയിലേക്ക് നീങ്ങുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ശ്രമം.

യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് മെഡിക്കൽ കോളേജിലെ പുതിയ കൊവിഡ് ഐ.സി.യുവിലുള്ളത്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണയുണ്ട് . തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ഇതോടെ 75 വെന്റിലേറ്ററുകൾ ആണ് കളമശേരി മെഡിക്കൽ കോളേജിൽ ഉള്ളത്.

ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, 3 വീഡിയോ ലാറിങ്ങ്ഗോസ്കോപ്പ്, അൾട്രാ സൗണ്ട് , ഡിജിറ്റൽ എക്സ്റേ എന്നിവയും ഐസിയുവിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് സോഫ്റ്റ് വെയറിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കോവിഡ് പശ്ചാത്തലത്തിൽ സെൻട്രലൈസ്ഡ് എസി വിഛേദിച്ച് ടവർ എസിയിലും ഐ സി യു പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിസിടിവി ക്യാമറ ശ്യംഖലയും ഒരുക്കിയിരിക്കുന്നു.

ഗുരുതരാവസ്ഥയിലേക്ക് എത്തുന്ന രോഗികൾക്ക് പ്ലാസ്മ തെറാപ്പി ഉൾപ്പടെയുള്ള ചികിത്സ നൽകാനുള്ള സൗകര്യം ഇവിടുണ്ട്.

നിലവിൽ 18 രോഗികൾ ആണ് കോവിഡ് ഐ. സി. യു വിൽ ഉള്ളത്. ഇവരിൽ അഞ്ചു പേർക്ക് സി പാപ് വഴിയും ഒരാൾക്ക് ഇന്റുബേഷൻ വഴിയും കൃതിമ ശ്വാസോശ്വാസം നൽകുന്നുണ്ട്. രണ്ട് രോഗികൾക്ക് പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമാക്കാനുള്ള ശ്രമം നടന്നു വരുന്നു. ഒരാൾക്ക് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡിസിവേർ മരുന്നും നൽകുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment