വാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ മൂന്ന് ഇംഗ്ലീഷ് വെബ്സൈറ്റുകളെ ഉപയോഗിക്കുന്നുണ്ടെന്നും നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക നേരിടുന്ന ഒരു പ്രതിസന്ധിയെ മുതലെടുക്കാൻ ശ്രമിക്കുന്നതായും യുഎസ് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.
ജിആർയു എന്നറിയപ്പെടുന്ന മോസ്കോയിലെ സൈനിക രഹസ്യന്വേഷണ സേവനത്തിൽ ഉന്നത റോളുകൾ വഹിച്ച രണ്ടു റഷ്യക്കാർ അമേരിക്കൻ,പാശ്ചാത്യ പ്രേക്ഷകർക്ക് തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിക്കുന്നതിന്റെ ഉത്തരവാദികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്’ യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാർത്താ ഏജൻസിയായ എ.പിയോട് പേര് വെളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം ആരോപിച്ചത്.
ഈ വെബ്സൈറ്റുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിനും റഷ്യയുമായി ഈ സൈറ്റുകൾക്കുള്ള ബന്ധം തുറന്നുകാട്ടുന്നതിനുമാണ് ഇപ്പോൾ പ്രതികരണം നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊറോണവൈറസിനെ സംബന്ധിച്ച് ഈ വെബ്സൈറ്റുകൾ ചൊവ്വാഴ്ച 150 ഓളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. റഷ്യയെ അനുകൂലിക്കുന്നതും യുഎസിനെ അപകീർത്തിപ്പെടുത്തുന്നതുമാണ് ഇവ.കോവിഡിനെ തടയുന്നതിന് റഷ്യ അമേരിക്കയ്ക്ക് സഹായം നൽകിയെന്നതടക്കമുള്ള തലക്കെട്ടുകളിലാണ് ലേഖനങ്ങൾ.
2016-ലെ തിരഞ്ഞെടുപ്പിൽ റഷ്യ ഇടപ്പെട്ടുവെന്ന ആരോപണം നിലനിൽക്കെയാണ് ഇത് ആവർത്തിക്കാതിരിക്കാൻ യുഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ട്രംപിനെ അനുകൂലിച്ചും എതിരാളി ഹിലരി ക്ലിന്റനെതിരെയുമായി 2016-ൽ റഷ്യ സമൂഹിക മാധ്യമങ്ങൾ വഴി ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നതായുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു
Leave a Comment