ഒരു വ്യക്തിയുടെ മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങൾ പരിശോധിച്ചു കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നറിയാൻ നിരവധി ടെസ്റ്റുകളാണ് വിവിധ കമ്പനികളും ലാബുകളും വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ രോഗനിർണയത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റുകൾ ചെലവേറിയതാണ്.
ഘരാഗപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ 60 മിനിറ്റിനുള്ളിൽ ഫലമറിയാൻ സാധിക്കുന്നതും ഏകദേശം 400 രൂപ മാത്രം ചെലവ് വരുന്നതുമായ ഒരു പരിശോധനാ ഉപകരണം വികസിപ്പിച്ചു. എടുത്തുകൊണ്ടുപോകാൻ സാധിക്കുന്ന ഈ ഉപകരണത്തിൽ ചെലവ് വളരെ കുറച്ച് ഉമിനീർ അടിസ്ഥാനമാക്കിയ ടെസ്റ്റുകൾ നടത്താൻ സാധിക്കും. ഒരു ഡിസ്പോസബിൾ പേപ്പർ സ്ട്രിപ്പ് ആണ് ഇതിലുപയോഗിക്കുന്നത്.
കോവിഡ് 19 തിരിച്ചറിയാൻ മാത്രമല്ല, ഇതേ ജനിതക ഘടനയുള്ള ഏതു തരത്തിലുള്ള ആർഎൻഎ വൈറസിനെയും തിരിച്ചറിയാൻ ഈ ഉപകരണത്തിന് കഴിയും. വരും വർഷങ്ങളിലും വൈറസ് ബാധ ഉണ്ടായാൽ രോഗനിർണയം നടത്താൻ ഈ ഉപകരണം സഹായകമാകും.
വളരെ കുറഞ്ഞ ശേഷിയിലും സാഹചര്യങ്ങളിലും ഈ ഉപകരണം ഉപയോഗിക്കാം. മാത്രമല്ല പ്രത്യേക പരിശീലനമൊന്നും ലഭിക്കാത്ത ആൾക്കും ഇത് പ്രവർത്തിപ്പിക്കാം.
2000 രൂപ മാത്രമാണ് ഈ ഉപകരണം നിർമിക്കാൻ ഐ ഐ ടി ഗവേഷകർക്ക് ചെലവായത്. നിലവിലുള്ള RT- PCR ടെസ്റ്റുകളെ അപേക്ഷിച്ചു കൂടുതൽ കൃത്യതയുള്ളതാണ് ഈ ടെസ്റ്റെന്നും വാണിജ്യാടിസ്ഥാനത്തിൽ ഈ ഉൽപന്നം നിർമിക്കാൻ സ്റ്റാർട്ടപ്പുകൾക്കും കോർപ്പറേറ്റുകൾക്കും തങ്ങളെ സമീപിക്കാവുന്നതാണെന്നും ഐ ഐ ടി ഗവേഷകർ പറയുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ സുമൻ ചക്രബർത്തിയും ഐഐടി സ്കൂൾ ഓഫ് ബയോ സയൻസിലെ അരിന്ദം മൊണ്ടലും ആണ് ഈ ആശയം ആവിഷ്കരിച്ചത്.
Leave a Comment