സാമ്പിള്‍ നല്‍കിയശേഷം ക്വാറെന്റെനില്‍ പോകുന്നില്ല; പരിശോധനാഫലം വൈകുന്നതുമൂലവും സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ധിക്കുന്നു

തിരുവനന്തപുരം: പരിശോധനാഫലം വൈകുന്നതുമൂലവും സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ധിക്കുന്നു. നിലവില്‍ പലേടത്തും 5-10 ദിവസം വൈകിയാണു പരിശോധനാഫലം ലഭിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ സാമ്പിള്‍ നല്‍കിയശേഷം ക്വാറെന്റെനില്‍ പോകാത്തതു വ്യാപനത്തിനിടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധന 10 ലക്ഷം പേരില്‍ 518 മാത്രമാണ്.

പരിശോധനാഫലം ലഭിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാത്ത അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം തലസ്ഥാനജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തതു കഴിഞ്ഞ 18-നാണ്. ശ്രീചിത്രയില്‍ പരിശോധനയ്ക്ക് അയച്ചെന്നും രോഗമില്ലെങ്കില്‍ അറിയിക്കില്ലെന്നുമാണു പറഞ്ഞത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിക്കാത്തതിനാലും അദ്ദേഹം ജോലിയില്‍ സജീവമായി. എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ച പരിശോധനാഫലം പോസിറ്റീവാണെന്ന അറിയിപ്പ് ലഭിച്ചു. അപ്പോഴേക്ക് ജോലിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ പോകുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തിരുന്നു.

സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തു പലയിടത്തുമുണ്ട്. മലപ്പുറം, തിരൂരില്‍ കഴിഞ്ഞദിവസം കോവിഡ് ബാധിതനായയാള്‍ 12-നു തിരൂര്‍ ജില്ലാ ആശുപത്രിയിലാണു പരിശോധന നടത്തിയത്. ഫലം വന്നത് 20-ന്. ഇതിനിടെ നിരവധിപ്പേരുമായി സമ്പര്‍ക്കമുണ്ടായി. ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള തിരുവനന്തപുരത്ത് 5000-ല്‍ ഏറെ സാമ്പിളുകള്‍ കെട്ടിക്കിടക്കുന്നു.

ദിവസേന 600-ല്‍ താഴെ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമേ നിലവിലുള്ളൂ. തൃശൂരില്‍ 2500, മലപ്പുറത്ത് 2000, എറണാകുളത്ത് 1500, ആലപ്പുഴയിലും കോഴിക്കോട്ടും 1000 ഫലങ്ങളിലേറെ ലഭിക്കാനുണ്ട്. കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജീവനക്കാരുടെ കുറവാണു പ്രധാനപരിമിതി. സംസ്ഥാനത്താകെ ഇതുവരെ 7,09,348 സാമ്പിളുകളാണു പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
.
FOLLOW US: pathram online latest news

pathram:
Leave a Comment