പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നില; അത് വച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പറഞ്ഞാല്‍ നടക്കുമോ..?

പ്രതിപക്ഷ നേതാവിന്റെ പ്രത്യേക മാനസികനിലയ്ക്കു മറുപടി പറയാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെ കേന്ദ്രമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനു പ്രത്യേക മാനസിക നിലയുണ്ട്. അതുവച്ച് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കിട്ടണം എന്നു ചിന്തിക്കുന്നു.

അത് യാഥാർഥ്യമാകാൻ പോകുന്നുണ്ടോ? ഓരോ ദിവസവും അദ്ദേഹത്തിനു ഓരോ പ്രസ്താവനയുണ്ട്. അതുവച്ച് മാധ്യമങ്ങൾ ചോദ്യം ചോദിക്കും. താൻ എന്തു പ്രതികരിക്കാൻ. അദ്ദേഹത്തിന്റെ മാനസിക നിലയെക്കുറിച്ച് തനിക്ക് പ്രതികരിക്കാൻ കഴിയുമോ. എൻഐഎ അന്വേഷണം എങ്ങനെയാണ് സർക്കാരിനെ ബാധിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തിയ ഭൂമി കൈയ്യിൽ കിട്ടുന്നതുവരെ കാത്തിരുന്നാൽ പദ്ധതി ഗണപതികല്യാണം പോലെയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കുന്നതിനു മുൻപു കൺസൽറ്റൻസിയെ നിയമിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവർക്കേ ഇത്തരം ചോദ്യം ചോദിക്കാൻ കഴിയൂ എന്നു പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിനു അവകാശപ്പെട്ട ഭൂമിയെന്നു നൂറു ശതമാനം ഉറപ്പുള്ളതിനാലാണ് സാധ്യതാ പഠനം നടത്താൻ കൺസൽറ്റൻസിയെ നിയമിച്ചതെന്നും വ്യക്തമാക്കി. എത്രയും പെട്ടെന്നു വിമാനത്താവള പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഭൂമി ഏറ്റെടുക്കാൻ കഴിയുന്നതാണ്. അവകാശത്തർക്കം കോടതിയിൽ തീർക്കാൻ കഴിയും. അനുകൂല വിധി ലഭിക്കുമെന്നുമാണ് പ്രതീക്ഷ. നഷ്ടപരിഹാര തുക നൽകുന്നത് കോടതി വിധി അനുസരിച്ചായിരിക്കും. വിധി അനുകൂലമാണെങ്കിൽ കോടതിയിൽ കെട്ടിവയ്ക്കുന്ന തുക സർക്കാരിനു നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment