റമീസ് എന്‍ഐഎ കസ്റ്റഡിയില്‍ …ശിവശങ്കറുമായി ബന്ധമുണ്ടോ?

കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടി റിമാന്‍ഡിലായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്, റമീസിനെ കഴിഞ്ഞ ദിവസം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഏഴു ദിവസത്തേക്ക് എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

റമീസിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ ഓഫിസില്‍ എത്തിച്ചു. ഇപ്പോള്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി റമീസിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി ഇരുവരെയും ഒരുമിച്ച്് ഇരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സമയം ശിവശങ്കറിനെയും റമീസിനെയും തമ്മില്‍ ബന്ധിപ്പിക്കാനാകുന്ന എന്തെങ്കിലും കണ്ടെത്താനാകുന്ന പക്ഷം ശിവശങ്കറിന്റെ മേലുള്ള കുരുക്ക് മുറുകും.

സ്വര്‍ണക്കടത്ത് നടന്നിരുന്ന കാലയളവില്‍, ശിവശങ്കര്‍ താമസിച്ച അതേ ഹോട്ടലില്‍ റമീസും സന്ദീപും താമസിച്ചിരുന്നതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇരുവരും പരസ്പരം എന്തെങ്കിലും ഇടപാടുകള്‍ നടത്തിയോ എന്നത് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ ആരുമായും തനിക്ക് ബന്ധമില്ലെന്ന ഉറച്ച നിലപാടിലാണ് ശിവശങ്കര്‍. സ്വപ്നയുമായി മാത്രമാണ് ബന്ധമുള്ളതെന്നും അത് സൗഹൃദം മാത്രമാണെന്നുമാണ് ശിവശങ്കര്‍ പറയുന്നത്.

സ്വര്‍ണക്കടത്തിനു പുറമേ മാന്‍വേട്ട, തോക്ക് കടത്ത് കേസുകളിലും പ്രതിയായ റമീസിനെ ഡിആര്‍ഐ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2015 ല്‍ ഇയാളുടെ സുഹൃത്തിന്റെ ബാഗില്‍ സ്വര്‍ണം കടത്തിയത് കസ്റ്റംസ് പിടികൂടിയിരുന്നു. 2018ല്‍ അനധികൃതമായി തോക്ക് കടത്തിയ കേസിലും പ്രതിയായിരുന്നു. നയതന്ത്ര സുരക്ഷയില്‍ സ്വര്‍ണം കടത്തിയതിന്റെ പ്രധാന കണ്ണി റമീസാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരുന്നത്. നാട്ടില്‍ എത്തുന്ന സ്വര്‍ണം ആവശ്യക്കാരില്‍ എത്തിക്കുന്നത് റമീസായിരുന്നത്രേ. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിരുന്നു.

pathram:
Related Post
Leave a Comment