ശിവശങ്കർ തങ്ങിയത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ കുടുംബം താമസിച്ചിരുന്ന ഹോട്ടലിൽ

ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഇന്നലത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം എം. ശിവശങ്കർ തങ്ങിയത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ കുടുംബം താമസിച്ചിരുന്ന അതേ ഹോട്ടലിൽ. ശിവശങ്കർ നിയമോപദേശം തേടിയത്, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് നിയമോപദേശം തേടിയ അതേ അഭിഭാഷകന്റെ അടുത്താണ്. സരിത്തിനെക്കാൾ മുൻപ് ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ടെന്ന് അഭിഭാഷകൻ പ്രതികരിച്ചു. രണ്ടു സംഭവങ്ങളും യാദൃച്ഛികമാണെന്നു ശിവശങ്കറിനോട് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.

അതേസമയം സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്, തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കർ ആവർത്തിച്ചു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലും ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു.

ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പിന്റെ സ്പേസ് പാർക്ക് പദ്ധതിയിലേക്കു സ്വപ്നയെ സംസ്ഥാനത്തെ ഭരണമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ശുപാർശ ചെയ്തോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നു മൊഴി നൽകിയ ശിവശങ്കർ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്വപ്നയുടെ നിയമനത്തിനു വേണ്ടി ഇടപെട്ടോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല.

‘സ്വർണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ല. ഇവർക്കു സ്വപ്നയുമായുള്ള സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ല’. സ്വപ്നയുടെ ഭർത്താവു ക്ഷണിച്ചപ്പോൾ മാത്രമാണ് ഇവരുടെ വീട് സന്ദർശിച്ചിട്ടുള്ളതെന്നും ശിവശങ്കർ മൊഴി നൽകി.

സ്വർണക്കടത്തു കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയ തിരുവനന്തപുരത്തെ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചതു സ്വപ്നയുടെ ഭർത്താവിന്റെ അഭ്യർഥനയെ തുടർന്നാണ്. അവരുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറച്ചു ദിവസം മാറിത്താമസിക്കാൻ ഫ്ലാറ്റ് വാടകയ്ക്കു വേണമെന്നാണു തന്നോടു പറഞ്ഞതെന്നും ശിവശങ്കർ മൊഴി നൽകി.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment