ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ മിസൈല്‍ തൊടുക്കാവുന്ന ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അക്സായ് ചിന്നില്‍ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിക്കുന്ന സാഹചര്യത്തില്‍, ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ മിസൈല്‍ തൊടുക്കാവുന്ന ടി-90 ടാങ്കുകള്‍ ഉള്‍പ്പെടെ വന്‍ സൈനിക സന്നാഹം എത്തിച്ച് ഇന്ത്യ. കാരക്കോറം പാസ് വഴി ചൈനീസ് കടന്നുകയറ്റം ഉണ്ടായാല്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് കവചിത വാഹനങ്ങളും നാലായിരത്തോളം സൈനികരും രംഗത്തെത്തിയിരിക്കുന്നത്. ആദ്യമായാണ് മേഖലയില്‍ ഇന്ത്യ ഇത്രയും വലിയ സൈനികവിന്യാസം ഒരുക്കുന്നത്.

ദൗലത് ബേഗ് ഓള്‍ഡിയില്‍ (ഡിബിഒ) ഇന്ത്യയുടെ അവസാന ഔട്ട്പോസ്റ്റ് 16000 അടി ഉയരത്തിലാണ്. കാരക്കോറം പാസിന്റെ വടക്കായി ചിപ്-ചാപ് നദിക്കരയിലാണിത്. ദര്‍ബൂക്ക്-ഷയോക്-ഡിബിഒ റോഡിലെ ചില പാലങ്ങള്‍ക്ക് ടി-90 ടാങ്കുകളുടെ ഭാരം താങ്ങാന്‍ ശേഷിയില്ലാതിരുന്നതിനാല്‍ പ്രത്യേക സംവിധാനം ഒരുക്കി നദിയിലൂടെ ഇറക്കി കയറ്റുകയായിരുന്നുവെന്നാണു സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ചൈനീസ് സൈന്യം 14, 15, 16, 17 പട്രോളിങ് പോയിന്റുകളില്‍ കടന്നുകയറ്റം നടത്തിയ ഘട്ടത്തില്‍ തന്നെ കവചിത വാഹനങ്ങളും എം777 155എംഎം ഹെവിറ്റ്സറുകളും 130എംഎം തോക്കുകളും ഡിബിഒയില്‍ എത്തിച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ടി90 ടാങ്കുകളും വിന്യസിച്ചിരിക്കുന്നത്.

ചര്‍ച്ചകള്‍ക്കു ശേഷം അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചുവെങ്കിലും കനത്ത ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം. അക്സായി ചിന്നില്‍ ചൈന ടാങ്കുകളും, വ്യോമപ്രതിരോധ റഡാറുകളും ഭൂമിയില്‍നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മിസൈലുകളും ചൈന വിന്യസിച്ചിരിക്കുന്നത് അതീവഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഡിബിഒയില്‍ ലാന്‍ഡിങ് ഗ്രൗണ്ടുകള്‍ നവീകരിക്കാനുള്ള നീക്കവും ഇന്ത്യന്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഭാഗത്തുനിന്ന് പെട്ടെന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ ചെറുക്കാനാണ് ടി-90 ടാങ്കുകള്‍ എത്തിച്ചിരിക്കുന്നത്.

1963ല്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് അനധികൃതമായി കൈമാറിയ ഷക്സ്ഗം താഴ്വരയില്‍ ചൈന ഇപ്പോള്‍ തന്നെ 36 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. ജി-219 ഹൈവേയില്‍നിന്ന് ഷക്സ്ഗം റോഡ് വഴി കാരക്കോറം പാസിലേക്കു പുതിയ പാത ചൈന നിര്‍മിക്കുമോ എന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്. ചില ഭാഗങ്ങളില്‍ മലനിരകള്‍ തുരന്നുവേണം പാത നിര്‍മിക്കാന്‍. എന്നാല്‍ ഇതിനുള്ള സാങ്കേതികവിദ്യ ചൈനയ്ക്കുണ്ട് എന്നതും ആശങ്കാജനകമാണ്.

follow us pathramonline

pathram:
Leave a Comment