കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നെത്തിയ 64 കാരനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ

മറയൂർ: കോവിഡ് കണ്ടെയ്ൻമെന്റ് മേഖലയായ മൂന്നാർ ബൈസൺവാലിയിൽ നിന്നെത്തിയ അറുപത്തിനാലുകാരനെ ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല. എന്തു ചെയ്യണമെന്നറിയാതെ രാത്രി റോഡരികിൽ നിന്ന ഇദ്ദേഹത്തെ പൊലീസിൽ ഏൽപിച്ച് രക്ഷകരായി പൊതുപ്രവർത്തകനും ഡ്രൈവറും.ബൈസൺവാലിയിൽ ഏലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയായ അറുപത്തിനാലുകാരൻ മേഖല കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ശനിവൈകിട്ടാണ് വീട്ടിലെത്തിയത്. എന്നാൽ രോഗഭീതിയെത്തുടർന്ന് പ്രവേശനം നിഷേധിക്കുകയായിരുന്നു.

തുടർന്ന് ഇദ്ദേഹം കോവിൽക്കടവിൽ മുറിയെടുത്ത് താമസിക്കാനൊരുങ്ങിയെങ്കിലും കെട്ടിട ഉടമകളും മുറി നൽകിയില്ല. പൊതുപ്രവർത്തകനായ കൊച്ചുമാലിയിൽ ബിജു പൗലോസും ജീപ്പ് ഡ്രൈവറായ സെൽവകുമാറും രാത്രി റോഡരികിൽ ഇദ്ദേഹത്തെ കണ്ടപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മറയൂർ പൊലീസ് ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കരിമുട്ടിയിലെ സ്വകാര്യവ്യക്തിയുടെ റിസോർട്ടിൽ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി.

pathram desk 1:
Related Post
Leave a Comment