കോവിഡ് പരിശോധനയ്ക്ക് മൂന്ന് അത്യാധുനിക ലാബുകള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിര്‍വഹിക്കും. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ നിര്‍മിച്ചിരിക്കുന്നത്.

വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ഉദ്ഘാടനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബുകളുടെ സജ്ജീകരണം. ഈ ലാബുകളില്‍ ദിനംപ്രതി 10,000 സാംപിളുകള്‍ പരിശോധിക്കാനാകും. കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കുന്നതിനൊപ്പം രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഈ അത്യാധുനിക ലാബുകള്‍ മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.

അതേസമയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 14,28,229 ആയി. 24 മണിക്കൂറിനകം 750 പേര്‍ മരിച്ചു. ആകെ മരണം 32,723. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഇതാദ്യമായി ഒറ്റ ദിവസം അര ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 36,145 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

കോവിഡിനെ നേരിടുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ‘ മന്‍ കി ബാത്ത്’ റേഡിയോ പ്രഭാഷണ പരിപാടിയിലാണ് മാസ്‌ക്, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.കോവിഡ് ഭീഷണി ഭീതിദമായി തുടരുകയാണ്. മാസ്‌ക് ധരിക്കുന്നതു പലര്‍ക്കും അസ്വസ്ഥതകളുണ്ടാകുന്നുണ്ട്.

അത്തരം അവസരങ്ങളില്‍ നമ്മള്‍ ഓര്‍ക്കേണ്ടത് കോവിഡിനെതിരെ നിരന്തരം പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ്. ഇന്ത്യയില്‍ രോഗമുക്തി മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. പക്ഷേ വൈറസ് അതിവേഗം പടരുകയാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. കോവിഡിനെ പ്രതിരോധിക്കുന്നതിലും സ്വാശ്രയത്വം കൈവരിക്കുന്നതിലും നമ്മുടെ ഗ്രാമങ്ങള്‍ മികച്ച മാതൃകയാണു കാണിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

follow us pathramonline

pathram:
Leave a Comment