സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തില്‍ ഉറച്ച് എന്‍ഐഎ

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ വെറുമൊരു സ്വര്‍ണക്കടത്ത് കേസ് എന്നതിനപ്പുറത്തേക്ക് തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം ആവര്‍ത്തിച്ചിരിക്കുന്നത്.

വിദേശത്തുനിന്നു വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകരാറിലാക്കാനുള്ള ഗൂഢാലോചനയാണു പ്രതികള്‍ നടത്തിയതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതില്‍ നിന്നുള്ള പണം വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനു നല്‍കിയതായി സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത നീക്കങ്ങള്‍ക്ക് യുഎഇയുടെ നയതന്ത്ര ബാഗേജ് ഉപയോഗിക്കാനുള്ള പ്രതികളുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തില്‍ മറ്റുള്ളവരുടെ പങ്കും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട്. പ്രതികളില്‍നിന്നു പിടിച്ചെടുത്തു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും.

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് കെ.ടി റമീസാണ് കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്നാണ് വ്യക്തമായിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കുമ്പോള്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം കടത്താന്‍ നിര്‍ദേശം നല്‍കിയത് റമീസാണ്. റമീസാണ് ഉത്തരവുകള്‍ നല്‍കുന്നത്. ഒരു സംഘം ആളുകള്‍ക്കൊപ്പമാണ് റമീസ് സഞ്ചരിക്കുന്നതെന്നും വിദേശത്തു വലിയ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റമീസിനെയും ഉടന്‍ തന്നെ കേസിന്റെ ഭാഗമാക്കും.

അടുത്തഘട്ടത്തില്‍ വിദേശത്തുനിന്നു കടത്തിയ കിലോക്കണക്കിനു സ്വര്‍ണം എത്തിച്ചേര്‍ന്നവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എന്‍ഐഎ. ഇവര്‍ക്കു ഭീകരസംഘനകളുമായുള്ള ബന്ധത്തെക്കുറിച്ചും വ്യാപകമായി അന്വേഷിക്കും. പ്രതിയായ സന്ദീപ് നായരുമായി തിരുവനന്തപുരത്തു നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വിഡിയോ റെക്കോഡര്‍ (ഡിവിആര്‍) നിര്‍ണായക തെളിവാകുമെന്നാണ് എന്‍ഐഎ കരുതുന്നത്. പ്രതികള്‍ കൂടിക്കാഴ്ച നടത്തിയ ആളുകളെക്കുറിച്ചും നടത്തിയ നീക്കങ്ങളെക്കുറിച്ചും ഡിവിആറിലെ ദൃശ്യങ്ങളില്‍നിന്നും വിവരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

കസ്റ്റംസ് സ്വര്‍ണം പിടിച്ചതു മുതല്‍ പ്രതികള്‍ അറസ്റ്റിലാകുന്നതു വരെ ടെലഗ്രാമില്‍ നടത്തിയ ചാറ്റിന്റെ വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുപ്രധാന സന്ദേശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അതു തിരിച്ചെടുക്കാന്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. സ്വപ്നയില്‍നിന്ന് ആറു മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പുമാണു പിടിച്ചെടുത്തത്. ഫെയ്സ്ലോക്ക് ഉണ്ടായിരുന്ന രണ്ടു ഫോണുകള്‍ സ്വപ്നയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുകയും ചെയ്തതായി എന്‍ഐഎ അറിയിച്ചു.

follow us pathramonline.

pathram:
Related Post
Leave a Comment