കീം പരീക്ഷയ്ക്ക് എത്തി കൂട്ടം ചേര്‍ന്ന് നിന്ന 600 ഓളം രക്ഷിതാക്കള്‍ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: കീം പരീക്ഷ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം അറുന്നൂറോളം രക്ഷിതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്.

രക്ഷിതാക്കള്‍ കൂട്ടംകൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ പരീക്ഷ നടന്ന് തൊട്ടടുത്ത ദിവസം തന്നെ രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോട്ടണ്‍ ഹില്‍ പരീക്ഷ കേന്ദ്രത്തില്‍ 300ലധികം പേര്‍ കൂട്ടംകൂടിയെന്നാണ് പോലീസ് പറയുന്നത്. സെന്റ് മേരീസ് സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തിലും സമാനമായ സാഹചര്യമുണ്ടായെന്ന് മെഡിക്കല്‍ കോളേജ് പോലിസും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടാലറിയുന്ന 600ഓളം പേര്‍ക്കെതിരേ രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തത്.

സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയെന്ന വകുപ്പാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാല് പേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതാനെത്തിയവരാണ്. ഇതിന് പിന്നാലെയാണ് സാമൂഹിക അകലം പാലിക്കാത്തതിന് രക്ഷിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തത്.

അതേസമയം കീം പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കു കോവി‍ഡ് സ്ഥിരീകരിച്ചു. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലാണു വിദ്യാർഥി പരീക്ഷ എഴുതിയത്. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ അഞ്ചൽ സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.

കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇവർ പോസിറ്റീവ് ആണെന്ന് വ്യക്തമായത്. വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് കുട്ടിയും പിതാവും. അതേസമയം, എൻട്രൻസ് പരീക്ഷയ്ക്കു പോയിരുന്നതായി കുട്ടി ആരോഗ്യ പ്രവർത്തകരോടു പറഞ്ഞിരുന്നെങ്കിലും ഈ വിവരം അവർ മറച്ചുവച്ചിരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹാൾ ടിക്കറ്റ് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടി അയച്ചു കൊടുത്തിരുന്നു.

ഇന്നലെ തിരുവനന്തപുരത്തും കോഴിക്കോടുമായി പരീക്ഷയെഴുതിയ മൂന്ന് വിദ്യാര്‍ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

pathram:
Related Post
Leave a Comment