ബിജെപിയിൽ ചേരാൻ 35 കോടി

രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയപോര് മുറുകുന്നു. ആരോപണം ഉന്നയിച്ച എംഎൽഎ ഗിരിരാജ് മലിംഗക്കെതിരെ സച്ചിൻ പൈലറ്റ് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നു. ബിജെപിയിൽ ചേരാൻ സച്ചിൻ 35 കോടി വാഗ്‌ദാനം ചെയ്തുവെന്നായിരുന്നു മലിംഗ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്.

അതേസമയം, വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച വരെ നടപടി സ്വീകരിക്കരുതെന്ന ഹൈക്കോടതി നിര്‍േദശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സ്പീക്കര്‍ സി.പി. ജോഷി വ്യക്തമാക്കി. അയോഗ്യതാ നടപടികളിൽനിന്നു സച്ചിനും 18 വിമത എംഎൽഎമാർക്കും സംരക്ഷണം ലഭിച്ചെങ്കിലും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ 2 എംഎൽഎമാർക്കെതിരെയുള്ള നീക്കം അന്വേഷണ സംഘം ശക്തമാക്കിയേക്കും.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങൾ മറന്ന് കോൺഗ്രസിലേക്കു മടങ്ങാൻ തയാറാണെങ്കിൽ ദേശീയ നേതൃത്വം സംരക്ഷണമൊരുക്കാമെന്നു സച്ചിൻ പൈലറ്റിനു പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയെന്ന വാർത്തയും ഇന്നലെ പുറത്തുവന്നിരുന്നു. രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായതോടെ അനുരഞ്ജന വഴി തേടി കഴിഞ്ഞ ദിവസം സച്ചിൻ ഫോണിൽ വിളിച്ചപ്പോഴാണു പ്രിയങ്ക ഇക്കാര്യം അറിയിച്ചത്.‍‍‍‍‍‍‍‍‍

FOLLOW US: pathram online

pathram:
Leave a Comment