സ്വപ്‌നയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി വന്‍ നിക്ഷേപം..!!! ആശയവിനിമയം നടത്തിയത് ടെലഗ്രാം ആപ്പ് വഴി

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപമുള്ളതായി എന്‍ഐഎ അന്വേഷണ സംഘം. ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു കിട്ടിയ കൂടുതല്‍ വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായാണു സ്വര്‍ണവും മറ്റും നിക്ഷേപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു.

സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി കെ.ടി. റമീസാണെന്നാണ് വ്യക്തമാകുന്നതെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. റമീസിനു വിദേശത്ത് ഉള്‍പ്പടെ വന്‍കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ നീങ്ങിയത്. ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ലോക്ഡൗണ്‍ മറയാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ റമീസ് നിര്‍ബന്ധിച്ചതായാണ് സ്വപ്നയും സരിത്തും പറയുന്നത്.

സ്വര്‍ണക്കടത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് റമീസും ജലാല്‍ എന്നയാളുമാണ്. റമീസിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ നടപടി തുടങ്ങി. സ്വപ്നയില്‍നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇത് പ്രതികളുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിച്ചു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിശകലനം ചെയ്തു. പ്രതികള്‍ ടെലിഗ്രാം ആപ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.

പിടിയിലാകും മുമ്പ് സ്വപ്ന ഫോണിലെ സന്ദേശങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതു സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വപ്നയെയും സരിത്തിനെയും എന്‍ഐഎ കോടതി നാലു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു നല്‍കി. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണം. അതേസമയം, നയതന്ത്ര ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നെന്ന് സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്്ട്രീയ വിരോധത്തിനു തന്നെ ബലിയാടാക്കുകയായിരുന്നു. മാധ്യമങ്ങള്‍ കഥ മെനയുകയാണ്. എന്‍ഐഎ അടിസ്ഥാനരഹിതമായ കേസാണ് ചുമത്തുന്നതെന്നും സ്വപ്ന പറയുന്നു. ജാമ്യാപേക്ഷ കസ്റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്ച പരിഗണിക്കും.

FOLLOW US: pathram online

pathram:
Leave a Comment