അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഓഗസ്റ്റ് 5ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് വന്‍ പരിപാടി. ഓഗസ്റ്റ് 5നു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി വിഐപികള്‍ പങ്കെടുക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

40 കിലോ വെള്ളിയില്‍ തീര്‍ത്ത ശിലയാണ് സ്ഥാപിക്കുകയെന്നു ക്ഷേത്രത്തിന്റെ നിര്‍മാണച്ചുമതലയുള്ള ശ്രീരാം ജന്മഭൂമി തീര്‍ഥക്ഷേത്ര അറിയിച്ചു. ശ്രീകോവിലിന്റെ സ്ഥാനത്ത് വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക സ്ഥാപിച്ച് ഭൂമി പൂജ നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യഗോപാല്‍ ദാസ് പറഞ്ഞു. പ്രധാന ചടങ്ങിനു മുന്‍പായി ഓഗസ്റ്റ് മൂന്ന് മുതല്‍ വിവിധ വൈദിക ചടങ്ങുകള്‍ നടക്കും.

കൊറോണ വൈറസ് വ്യാപനം മൂലം രണ്ടു മാസം വൈകിയാണു പരിപാടി നടക്കുന്നത്. 50 വിഐപികള്‍ പരിപാടിയില്‍ പങ്കെടുക്കും. അയോധ്യയിലാകെ വമ്പന്‍ സിസിടിവി സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഭക്തര്‍ക്ക് പരിപാടി കാണാനുള്ള അവസരം ഒരുക്കും. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാവും പരിപാടിയെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര തുടങ്ങി പ്രധാന നേതാക്കളെയെല്ലാം ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ചിരിക്കുന്ന ട്രസ്റ്റ് ശനിയാഴ്ച യോഗം ചേര്‍ന്നാണ് തീയതി നിശ്ചയിച്ചത്. തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിയന്ത്രിത ട്രസ്റ്റിനു വിട്ടുനല്‍കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണു സുപ്രീംകോടതി ഉത്തരവിട്ടത്.

FOLLOW US pathramonline

pathram:
Leave a Comment