മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം

മലപ്പുറം : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍. തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് പരിശോധന നടത്തും. പെരിന്തല്‍മണ്ണയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രവും അടയ്ക്കും. കൊണ്ടോട്ടിയില്‍ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മലപ്പുറത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്കാണ്. 1,132 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്. ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേരാണ്.

അതേസമയം നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വാര്‍ഡ് അടച്ചു. എന്നാല്‍ നിലവില്‍ വാര്‍ഡിലുള്ള രോഗികള്‍ തുടരും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപി യ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വളരെ അത്യാവശ്യമുള്ളവര്‍ മാത്രം ചികിത്സയ്ക്ക് എത്തിയാല്‍ മതിയെന്ന് സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു. നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 24 പേര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.

രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന നേത്ര വിഭാഗം അടച്ചു. ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം അസ്ഥിരോഗ വിഭാഗം ഉള്‍പ്പെടുന്ന 11 ആം വാര്‍ഡിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേരാണ് ഈ വിഭാഗത്തില്‍ നിന്ന് നിരീക്ഷണത്തില്‍ പോയത്.

FOLLOW US pathramonline

pathram:
Leave a Comment