മകളെ തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹത്തിനടുത്തിരുന്ന് ചായ കുടിച്ച് അച്ഛന്‍

ദുബായ്: മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തി പിതാവ്. വര്‍ഷങ്ങളായി വീട്ടില്‍ സഹോദരന്മാരുടെയും പിതാവിന്റെയും ക്രൂര പീഡനങ്ങള്‍ക്ക് വിധേയയായ അഹ്‌ലം എന്ന മുപ്പതുകാരിയാണ് പിതാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. ജോര്‍ദാനില്‍ നടന്ന സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍നിന്ന് ‘രക്ഷിക്കണേ’ എന്ന് നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നെന്നു ദൃക്‌സാക്ഷി പറഞ്ഞു. ‘അവളുടെ ശരീരം രക്തത്തില്‍ കുളിച്ചിരുന്നു. അവളെ പിന്തുടര്‍ന്ന് പിതാവ് ആദ്യം സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി.

അവള്‍ നിശ്ചലമാകുന്നതു വരെ തലയില്‍ അടിച്ചുകൊണ്ടേ ഇരുന്നു. അവളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളുടെ മുന്നില്‍വച്ചാണ് അയാള്‍ അവളെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം അവളുടെ മൃതദേഹത്തിന് അടുത്തിരുന്ന് അയാള്‍ ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.’– ദൃക്‌സാക്ഷി പറഞ്ഞു.

‘വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി കാണുന്നത്. അഹ്‌ലം അവളുടെ അമ്മയോട് ഇടപെടാന്‍ അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും അവര്‍ യാതൊന്നും മിണ്ടാതെ നില്‍ക്കുകയാണ്. പിതാവിനെ പിടിച്ചുമാറ്റാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.–’ മറ്റൊരാള്‍ ട്വിറ്ററില്‍ വിശദീകരിച്ചത് ഇങ്ങനെ.

അഹ്‌ലത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അഹ്‌ലത്തിന്റെ ദുരഭിമാനക്കൊലയാണെന്നും അവള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

follow us pathramonline

pathram:
Related Post
Leave a Comment