23 തവണ സ്വര്‍ണം കടത്തി ; 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ എത്തി ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ!

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്. സ്വപ്‌ന സുരേഷും കൂട്ടാളികളും ഡിപ്ലോമാറ്റിക് ബാഗേജ് വഴി 23 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

2019 ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകള്‍ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. സ്വര്‍ണം പിടിച്ചെടുത്ത ബാഗിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതില്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണം ഒഴുകിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്.

താനാണ് ബാഗേജ് ക്ലിയര്‍ ചെയ്തിരുന്നതെന്ന് സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചിട്ടുമുണ്ട്. ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയതിന് പിന്നാലെയാണ് ഒളിവില്‍ പോകുന്നതിന് മുമ്പായി സ്വപ്‌ന ബാഗ് സുഹൃത്തിനെ ഏല്‍പ്പിച്ചത്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു. ഇതില്‍ നിന്നാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. പ്രതികളുടെ മറ്റു ആസ്തികളും പരിശോധിച്ചു വരികയാണ്.

അതേസമയം കേസ് അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. ഈ സംസ്ഥാനങ്ങളിലുള്ളവരുടെയും വീസ സ്റ്റാംപിങ് തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലാണ്. ഈ സംസ്ഥാനങ്ങള്‍ വഴി സ്വര്‍ണം കടത്തിയോ എന്നാണ് പരിശോധിക്കുന്നത്.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment