സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ് : സ്വര്‍ണ്ണക്കടത്തില്‍ എം ശിവശങ്കറിനും പങ്കെന്ന് മൊഴി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കെന്ന് കേസിലെ മുഖ്യപ്രതി സരിത്ത് മൊഴി നല്‍കിയെന്ന് സൂചന. ശിവശങ്കരനുമായി അടുത്ത ബന്ധം തനിക്കുണ്ട്. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. ജലാല്‍ വഴിയാണ് കള്ളക്കടത്ത് സ്വര്‍ണ്ണം വിറ്റിരുന്നത്. സ്വപ്ന ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനത്തിലും സ്വര്‍ണം കടത്തിയിരുന്നു. ഫൈസല്‍ ഫരീദ് തന്നോടൊപ്പ ഖരാമയില്‍ ജോലി ചെയ്തിരുന്ന ആളെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

സരിത്ത്, സ്വപ്ന, സന്ദീപ് എന്നീ പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിന് സമീപത്ത് ഫ്‌ലാറ്റ് എടുക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ശിവശങ്കറിനെ കേസുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള വാദങ്ങള്‍ പൊളിക്കുന്നതാണ് സരിത്തിന്റെ മൊഴി. നിലവിലെ സാഹചര്യത്തില്‍ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും. സരിത്തും ശിവശങ്കറും തമ്മില്‍ ഫോണ്‍ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോണ്‍ രേഖകളിലൂടെ വ്യക്തമായിരുന്നു. നയതന്ത്രബാഗ് വഴി സ്വര്‍ണ്ണം വരുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നിരിക്കാം എന്നതിലേക്കുള്ള സൂചനയാണ് സരിത്തിന്റെ മൊഴി പുറത്ത് വരുമ്പോള്‍ ലഭിക്കുന്നത്.

ശിവശങ്കര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞദിവസമാണ് സര്‍വ്വീസ് ചട്ടം ലംഘിച്ചുള്ള പ്രവര്‍ത്തനം നടത്തിയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്വപ്നയുമായുള്ള ബന്ധം, സരിത്തുമായുള്ള ഫോണ്‍വിളികള്‍, പ്രതികള്‍ക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്യല്‍ തുടങ്ങി ശിവശങ്കറിലേക്ക് നീളുന്ന അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ക്ക് ബലം കൂടുകയാണ്.

അതേ സമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സ്വപ്!നയും സന്ദീപുമായും തെളിവെടുപ്പ് നടത്തുന്നത്. സന്ദീപിനെ ഫെദര്‍ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല. വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. എന്നാല്‍ അരുവിക്കരയിലെ വാടകവീട്ടില്‍ എത്തിയ എന്‍ഐഎ സംഘം സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

follow us pathramonline

pathram:
Related Post
Leave a Comment