ലൈംഗികശേഷിയില്ലെന്ന് 84 കാരന്‍; 14 വയസ്സുകാരിയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കികേസില്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ പ്രതിയായ 84കാരന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഡി.എന്‍.എ. പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ 84 വയസ്സുകാരനാണ് കേസില്‍ നിരപരാധിയാണെന്ന് വാദിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. 14 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ജൂലായ് അഞ്ചാം തീയതി പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 84 വയസ്സുകാരനായ തനിക്ക് ലൈംഗികശേഷിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതിയുടെ വാദം.

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് 84കാരന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. തന്റെ കക്ഷിക്ക് ലൈംഗികശേഷിയില്ലെന്നും ലൈംഗികവേഴ്ചയിലേര്‍പ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. ഇത് തെളിയിക്കാന്‍ ഏത് വൈദ്യപരിശോധനയ്ക്കും ഡി.എന്‍.എ. ടെസ്റ്റിനും തന്റെ കക്ഷി തയ്യാറാണെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

പ്രതിയുടെ വാദം തെളിയിക്കുന്നതിന് ഒരു രേഖയും ഇല്ലെന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക ലിസ് മാത്യൂവിന്റെ മറുവാദം. പ്രതിക്ക് ലൈംഗികശേഷിയുണ്ടെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടെന്നും ഡി.എന്‍.എ. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതി മെയ് മുതല്‍ ജയിലിലാണെന്നും 84കാരനായ പ്രതിയുടെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

എത്രയും പെട്ടെന്ന് പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.എന്‍.എ. പരിശോധനയ്ക്കായി അല്പം കാത്തിരിക്കണമെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയോട് പറഞ്ഞത്. ഇതോടെയാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്. കേസ് ഇനി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും അപ്പോള്‍ ഡി.എന്‍.എ. പരിശോധന ഫലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും തന്റെ വാടകക്കാരാണെന്നും വാടക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസ് നല്‍കിയതെന്നുമാണ് 84കാരന്റെ വാദം. കഴിഞ്ഞമാസം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പ്രതി ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment