ഗണ്‍മാന്‍ ജയഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകം? സാമ്പത്തിക വളര്‍ച്ചയെകുറിച്ച് അന്വേഷിക്കാന്‍ കസ്റ്റംസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതാകുകയും ആത്മഹത്യാ ശ്രമം നടത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത യുഎഇ കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജയഘോഷിന്റെ സാമ്പത്തീക വളര്‍ച്ചയും പരിശോധിക്കും. ആശുപത്രി വിട്ട ശേഷം ഇയാളെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ ഉദ്ദേശം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ നടത്തിയേക്കുമെന്നത് മുന്നില്‍ കണ്ടാണോ ആത്മഹത്യാ ശ്രമമെന്നാണ് സംശയം. വ്യാഴാഴ്ച കാണാതായ ജയഘോഷിനെ വെള്ളിയാഴ്ച ആത്മഹത്യാശ്രമം നടത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്വപ്നാസുരേഷും സരിത്തുമായി സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയ ദിവസം ജയഘോഷ് സംസാരിച്ചെന്ന് സൂചന നല്‍കുന്ന ചില ഫോണ്‍രേഖകള്‍ പുറത്തു വന്നിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ജയഘോഷിനെ ചോദ്യം ചെയ്യുകയും ഉണ്ടായി. മൂന്ന് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ജയഘോഷ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം തുടങ്ങിയത് മുതല്‍ പരിഭ്രാന്തനായിരുന്നു. വെള്ളിയാഴ്ച തുമ്പയിലെ ഭാര്യവീടിന് അല്‍പ്പമകലെ കുറ്റിക്കാടു പോലെയുള്ള പ്രദേശത്ത് നിന്നും കൈത്തണ്ട മുറിഞ്ഞ് ചോരവാര്‍ന്ന നിലയില്‍ വീടിനടുത്ത് വഴിയരികില്‍ കണ്ടെത്തി.

രാത്രി ഭക്ഷണം കഴിച്ചശേഷം ഫോണ്‍കോള്‍ വന്നപ്പോള്‍ പുറത്തിറങ്ങിയ ജയഘോഷിനെ പിന്നീടു കാണാതാകുകയായിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്നും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും കണ്ടെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ജയഘോഷ് വിളിച്ചുപറഞ്ഞു. അടുത്തിടെയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കളും പറഞ്ഞു. ഇതിന്റെ കാരണമന്വേഷിക്കുകയാണു പോലീസ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷുമായും സരിത്തുമായും ജയഘോഷ് ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടെന്നു കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലും ജോലി ചെയ്തതാണ് സ്വര്‍ണക്കടത്തുകാരുമായി ബന്ധം സംശയിക്കപ്പെടാവുന്ന പശ്ചാത്തലം.

മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ തന്നെ കൊല്ലുമെന്ന് സ്വര്‍ണ്ണക്കടത്ത് സംഘം ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പറഞ്ഞു. കോണ്‍സുലേറ്റിലെ മറ്റ് ജീവനക്കാര്‍ക്ക് ഇല്ലാത്ത ഭീഷണിയും ഭയവും ജയഘോഷിന് എന്തിനാണെന്ന ചോദ്യമാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉയരുന്നത്. സ്വര്‍ണ്ണക്കടത്ത് കാരില്‍ നിന്നും വധഭീഷണി ഉണ്ടായെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടിയായ ഇദ്ദേഹം പോലീസിനെ അല്ലേ ആദ്യം അറിയിക്കേണ്ടതെന്ന ചോദ്യവും നില്‍ക്കുന്നു. അധികൃതരെ അറിയിക്കുകയോ പരാതി നല്‍കുയോ ജയഘോഷ് ഇക്കാര്യത്തില്‍ ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം മുമ്പാണ് ജയഘോഷ് കോണ്‍സുല്‍ ജനറലിന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായത്.

എമിഗ്രേഷന്‍ വകുപ്പില്‍ നിന്നും അഞ്ചു വര്‍ഷത്തെ ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി എ ആര്‍ ക്യാമ്പിലേക്ക് മടങ്ങിയ ഇയാളെ എന്തിനാണ് കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനാക്കിയത് എന്ന ചോദ്യവും നില നില്‍ക്കുന്നു. ഡിജിപിയുടെ ഉത്തരവിലാണ് ജയഘോഷ് ഗണ്‍മാനായത്. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ അനുസരിച്ചാണ് നിയമനമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന വിശദീകരണം. ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ടായിരുന്നെന്നു ബന്ധുക്കള്‍ അറിയിച്ചതോടെ ജയഘോഷിനു സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി.

മൂന്നു വര്‍ഷത്തോളമായി ജയഘോഷ് യു.എ.ഇ. കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനായിരുന്നു. കോണ്‍സുല്‍ ജനറല്‍ സ്ഥലത്തില്ലാത്തതിനാല്‍ പതിവായി ജോലിക്കു പോകാറില്ലായിരുന്നു. സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നശേഷം തന്നെയും കുടുക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കളോടു പറഞ്ഞിരുന്നു. സ്വര്‍ണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിക്കൊടുത്തതു താനാണെന്നു സംശയിച്ചു കൊലപ്പെടുത്തിയേക്കുമെന്നു ജയഘോഷ് ആശങ്കപ്പെട്ടിരുന്നെന്നു നാഗരാജ് പറഞ്ഞു. നാഗരാജാണ് വ്യാഴാഴ്ച ഫോണ്‍ വിളിച്ചത്. ഇതിന് പിന്നാലെയാണു ജയഘോഷിനെ കാണാതായത്.

follow us pathramonline

pathram:
Related Post
Leave a Comment