സ്വപ്‌ന സുരേഷിനെ നിയമിച്ചത് എം. ശിവശങ്കര്‍ ആണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്‌ന സുരേഷിനെ ഐ.ടി. വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് എം. ശിവശങ്കര്‍ ആണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടന്‍സിയായ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്(പി.ഡബ്ല്യൂ.സി) വഴിയാണ് സ്വപ്‌നയെ നിയമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ ശിപാര്‍ശയില്‍ സ്വപ്‌നയെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ ഓപ്പറേഷന്‍സ് മാനേജര്‍/ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ നിയമിച്ചുവെന്നാണ് സമിതി കണ്ടെത്തിയത്. സ്വപ്‌നയെ നിയമിക്കാന്‍ സ്വാധീനം ചെലുത്തിയെന്നും വിദേശ കോണ്‍സുലേറ്റിലെ ഈ ജീവനക്കാരിയുമായി സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കൂട്ടുകൂടിയെന്നും പരിധിവിട്ട ബന്ധം സ്വപ്‌നയ്ക്കും ശിവശങ്കറിനുമിടയില്‍ ഉണ്ടായിരുന്നുവെന്നും ചീഫ് സെക്രട്ടറിയും ധനവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമടങ്ങിയ സമിതി കണ്ടെത്തി. ഇക്കാരണങ്ങളാലാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമിതി സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.

സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയെ നിയമിച്ചത് ശിവശങ്കറാണെന്നു സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിദേശ സ്ഥാനപതി കാര്യാലയങ്ങളുമായോ അവിടെയുള്ള വ്യക്തികളുമായോ ബന്ധം സ്ഥാപിക്കുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ട് തല്‍ക്ഷണം സസ്‌പെന്‍ഡ് ചെയ്യാനാണ് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ സര്‍ക്കാര്‍ ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു

follow us pathramonline

pathram:
Related Post
Leave a Comment