ഇപ്പോഴത്തെ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ് ; മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഈ ഘട്ടവും മറികടക്കാന്‍ കഴിയും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് ആറു മാസങ്ങള്‍ക്കിപ്പുറം ആദ്യമായിട്ടാണ് ഒരു സംസ്ഥാനം സമൂഹവ്യാപനം അഥവാ കമ്യൂണിറ്റി സ്‌പ്രെഡ് ഒരിടത്ത് ഉണ്ടായിരിക്കുന്നെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം ഉണ്ടായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചത്. കോവിഡ് ഏറ്റവും രൂക്ഷമായ മുംബൈയിലും ഡല്‍ഹിയിലും ചെന്നൈയിലുമെല്ലാം വലിയതോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും സമൂഹവ്യാപനമുണ്ടായെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടില്ല. ഇവിടെയാണ് കേരളം വേറിട്ട മാതൃകയാകുന്നത്.

ഇപ്പോഴത്തെ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഈ ഘട്ടവും മറികടക്കാന്‍ കഴിയും. ഗുരുതരസ്ഥിതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.

ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കൃത്യമായ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് ശ്രമിക്കുന്നത്.

വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ നിലവില്‍ 10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ലസ്റ്ററുകളാണ് ഉള്ളത്. ഈ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥലങ്ങളിലും, രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രീകൃതമായ രീതിയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുകയും, മറ്റു പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ശരീരത്തില്‍ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം.

മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കല്‍ വന്നു ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്. മറ്റൊരു കൂട്ടര്‍ പറയുന്നത് ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്റെ പിന്‍ബലമില്ല എന്നതാണ് ഓര്‍മിക്കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ രോഗം ഭേദപ്പെടുത്താവുന്ന പ്രത്യേക മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല.

ഒരു വാക്‌സിന്‍ ഫലപ്രദമാണ് എന്നുറപ്പുവരുത്താന്‍ 12 മുതല്‍ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതായത് ഇനിയും സമയമെടുക്കും. അതിനുമുമ്പു തന്നെ വാക്‌സിനും മരുന്നുമൊക്കെ യാഥാര്‍ഥ്യമാക്കാന്‍ ശാസ്ത്രലോകത്തിനു കഴിയട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശാസ്ത്രലോകം അതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്തബോധമുള്ള ഏതൊരാളും ചെയ്യേണ്ടത്. അവരുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന വിധത്തില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരിടപെടലും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

pathram:
Leave a Comment