സരിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി; സ്വപ്ന്, സന്ദീപ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് പിടിയിലായ സരിത്തിനെ എന്‍ഐഎ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. കസ്റ്റംസിനു നല്‍കിയ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം എന്‍ഐഎ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും എന്‍ഐഎ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുകയുമായിരുന്നു.

സ്വര്‍ണക്കടത്തിന്റെ തീവ്രവാദ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളില്‍ സരിത്തിനെ എന്‍ഐഎ ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യും. അതോടൊപ്പം ഇപ്പോള്‍ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. മൂന്നു പേരെയും ഒരുമിച്ചു ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

സരിത്തിന്റെ വിദേശ ബന്ധങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. സ്വര്‍ണം കടത്തുന്നതിന് ഇരുവര്‍ക്കും വിമാനത്താവളങ്ങളില്‍ ലഭിച്ച സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ഇവരില്‍നിന്നു ചോദിച്ചറിയും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു സ്വര്‍ണക്കടത്തിലൂടെ ഫണ്ടിങ് ഉണ്ടായിട്ടുണ്ടോ എന്നാണ് എന്‍ഐഎ കാര്യമായി അന്വേഷിക്കുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ റെയ്ഡ്. തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്. ഒന്നര വര്‍ഷമായി ഫൈസല്‍ ഈ വീട്ടില്‍ വന്നിട്ട്. പിതാവ് മരിച്ചതോടെ വീട്ടില്‍ താമസക്കാര്‍ ആരുമില്ല. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ വീട് പൂട്ടി സീല്‍ ചെയ്യാനാണ് കസ്റ്റംസ് ആദ്യം തീരുമാനിച്ചതെങ്കിലും ബന്ധുക്കളുടെ പക്കല്‍ താക്കോല്‍ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം വീട് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതേസമയം തന്നെ കോഴിക്കോട് അരകിണറിലെ ഹെസ്സ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും പരിശോധന നടക്കുകയാണ്. ജ്വല്ലറിയിലുള്ള സ്വര്‍ണത്തിന്റെ കണക്കെടുത്തു. ജ്വല്ലറിയിലുള്ള മുഴുവന്‍ സ്വര്‍ണവും കണക്കില്‍പെടാത്തതാണെന്ന് കണ്ടെത്തിയതോടെ അവ പിടിച്ചെടുത്തു.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികള്‍ കൂടി അറസ്റ്റിലായി.

കേസില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള പ്രതി സന്ദീപ് നായര്‍ ആള്‍മാറാട്ടം നടത്തി കരകുളത്തും ഫല്‍റ്റ് വാടകയ്ക്ക് എടുത്തിരുന്നുവെന്ന് കണ്ടെത്തി. ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫല്‍റ്റ് വാടകയ്ക്ക് എടുത്തത്. പലപ്പോഴും വാടക കുടിശ്ശിക വരുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിനെ തിരിച്ചറിഞ്ഞതോടെ ഫല്‍റ്റിന്റെ താക്കോല്‍ തിരിച്ചുകിട്ടാന്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയെന്നും ഉടമ അശോക് കുമാര്‍ പറയുന്നു.

pathram:
Related Post
Leave a Comment