കൊല്ലം: കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിട്ടും പ്രവാസിക്കു നേരിടേണ്ടി വന്നതു ദുരനുഭവം. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുടുംബമാണ് അറിവില്ലായ്മ കൊണ്ടും ഭയം കൊണ്ടും പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്. ജൂൺ അവസാനത്തോടെയാണ് നാൽപത്തഞ്ചുകാരൻ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അർബുദരോഗബാധിതൻ ആയിരുന്നു. വീട്ടിലെ ക്വാറന്റീൻ ആയിരുന്നതിനാൽ ഭാര്യയും കുഞ്ഞും ബന്ധുവീട്ടിലേക്കു മാറി. സമീപത്തെ ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം.
എന്നാൽ ശാരീരിക അവശത തോന്നിത്തുടങ്ങിയതോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡിന്റെ പ്രാരംഭ ലക്ഷണം കണ്ടതോടെ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്നു കണ്ടു. 7നു നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. തിരികെ വീട്ടിലെത്തിയ യുവാവിനോട് അടുത്തിടപഴകാൻ ബന്ധുക്കൾ തയാറായില്ല.
വീണ്ടും വീട്ടിൽ ഗൃഹനാഥൻ തനിച്ചായി. ഭക്ഷണം മാത്രം വീടിന് മുന്നിൽ എത്തിച്ച ശേഷം വീട്ടുകാർ മടങ്ങും. കുറച്ചു ദിവസം കഴിഞ്ഞതോടെ യുവാവിന് അർബുദ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. വിവരം അറിഞ്ഞ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും പഞ്ചായത്തംഗവും എത്തി വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും ആശുപത്രിയിലേക്കു കൊണ്ടു പോകാൻ വീട്ടുകാർ ഒപ്പം വരണമെന്നു നിർബന്ധിച്ചിട്ടും തയാറായില്ല.
ഒടുവിൽ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും പഞ്ചായത്തംഗവും നാട്ടുകാരുടെയും നേതൃത്വത്തിൽ ആംബുലൻസുമായി എത്തി. രോഗിക്കൊപ്പം വരണമെന്നാവശ്യപ്പെട്ട് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ബന്ധുക്കൾക്ക് ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണം നടത്തേണ്ടി വന്നു. പിന്നീടു ഭാര്യയും ബന്ധുക്കളും യുവാവിനൊപ്പം പോകാൻ തയാറായി. യുവാവിനെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
FOLLOW US PATHRAMONLINE
Leave a Comment