പത്തനംതിട്ട ജില്ലയില്‍ 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മുറികള്‍ സ്ഥാപിക്കും

പത്തനംതിട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ട്രേറ്റില്‍ നിന്നു നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ , ജില്ലയില്‍ ഈമാസം 23ന് മുന്‍പായി 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മുറികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. ഓരോ പഞ്ചായത്തിലും 100 മുറികള്‍ വീതവും നഗരസഭയില്‍ 250 മുറികളും സജ്ജമാക്കണം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍, കെട്ടിടങ്ങള്‍, വലിയ ഓഡിറ്റോറിയങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാം.

രോഗികള്‍ക്ക് കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഭക്ഷണം, വൈദ്യുതി, കുടിവെള്ളം, എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറുമാണുണ്ടാവുക. ഇവര്‍ക്ക് ആശയവിനിമയത്തിനായി മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടാവണം.

വളണ്ടിയേഴ്‌സ്, ക്ലീനിംഗ് സ്റ്റാഫുകള്‍, സെക്യൂരിറ്റി എന്നിവയ്ക്കുള്ള ആളുകളെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ബയോ – മെഡിക്കല്‍ അവശിഷ്ടങ്ങള്‍ മെഡിക്കല്‍ ഓഫീസറുമായി ചേര്‍ന്ന് നീക്കം ചെയ്യണം.

രോഗികളുടെ യാത്രാ സൗകര്യത്തിനായുള്ള വാഹനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. പാര്‍ട്ടീഷന്‍ ചെയ്ത രണ്ട് ഓട്ടോ/ ടാക്‌സികള്‍ ഒരേ സമയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുണ്ടാവണം. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനം ഉറപ്പുവരുത്തണം. വിനോദത്തിനാവശ്യമായ ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യവും ഉറപ്പുവരുത്തണം.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment