ശിവശങ്കരനെ ചോദ്യം ചെയ്യുന്നു; അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍; കുരുക്ക് മുറുകുന്നു

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്‌. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി.

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്.

നേരത്തെ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.

ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ശിവശങ്കറിന് ഫ്ലാറ്റുള്ള കെട്ടിട സമുച്ചയത്തിൽ സ്വപ്നയുടെ ഭർത്താവും ഫ്ലാറ്റ് വാടകക്കെടുത്തതായി സംശയം. ശിവശങ്കറിന്‍റെ ഫ്ലാറ്റുള്ള സമുച്ചയത്തിൽ ജൂൺ അവസാനം സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഫ്ലാറ്റ് വാടകക്കെടുത്തെന്ന സംശയം. വാടക റജിസ്റ്റർ കസ്റ്റംസ് പരിശോധിക്കുകയാണ്. ഫ്ലാറ്റ് ഗൂഡാലോചന കേന്ദ്രമായോയെന്നാണ് അന്വേഷിക്കുന്നത്.

പ്രതികളുമായി അടുപ്പം എന്ന് ഉറപ്പിച്ചതും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗൂഡാലോചന എന്ന സംശയം വർധിച്ചതുമാണ് കാരണം. നാല് കാര്യങ്ങളാണ് ശിവശങ്കറിനെ സംശയ നിഴലിലാക്കുന്നത്. സ്വപ്നയും സരിത്തുമായി ഔദ്യോഗികമെന്നതിനപ്പുറമുള്ള അടുപ്പം. ഔദോഗികമായി പരിചയപ്പെടാൻ സാധ്യതയില്ലാത്ത സന്ദീപുമായും ബന്ധം. ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ ഒത്തു ചേർന്നെന്ന സരിത്തിന്‍റെ മൊഴി.

അതേസമയം മുന്‍ ഐടി സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറിനെ പരിചയപ്പെട്ടതു സ്വപ്ന വഴിയാണെന്ന് സരിത്. ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സ്വര്‍ണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്നും സരിത് മൊഴി നല്‍കി. ഇതേ ഫ്‌ലാറ്റില്‍ പാര്‍ട്ടികള്‍ നടത്താറുണ്ടെന്നും മൊഴിയിലുണ്ട്.

സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ഫ്‌ലാറ്റിന്റെ ഉടമ എന്ന നിലയില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. സ്വപ്ന വഴിയാണു സന്ദീപിനെ സരിത്തിനു പരിചയം. സന്ദീപ് നായരാണു കേരളത്തില്‍ സംഘത്തിന്റെ പ്രധാന കണ്ണിയെന്നു വെളിപ്പെടുത്തിയ സരിത്, തനിക്കും സ്വപ്നയ്ക്കുമായി ഒരു കടത്തിനു ലഭിക്കുന്നത് 10 ലക്ഷത്തോളം രൂപയാണെന്നും പറഞ്ഞു. പ്രതിഫലത്തിന്റെ തുടക്കം പതിനായിരങ്ങളിലായിരുന്നു.

പ്രതിഫലമായി കിട്ടിയ പണം ആഡംബര ഹോട്ടലുകളിലും മറ്റും ചെലവിട്ടുവെന്നും സമ്പാദ്യമില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും സരിത് ഉദ്യോഗസ്ഥരോടു പറഞ്ഞു. ഫരീദിനെ പരിചയപ്പെട്ടതു സന്ദീപ് വഴിയാണെന്നും മൊഴിയിലുണ്ട്. റമീസ് അടക്കം വില്‍പനക്കാരുമായി സന്ദീപിനു ബന്ധമുണ്ടെന്നും പലരുടെയും പേരറിയില്ലെന്നും എന്നാല്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും സരിത് പറഞ്ഞിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തു കണ്ടെത്താന്‍ സ്ഥാപിച്ചിട്ടുള്ള സ്‌കാനറുകളുടെ കണ്ണുവെട്ടിക്കാനുള്ള സാങ്കേതിക തന്ത്രം പ്രതികള്‍ പ്രയോഗിച്ചതായി എന്‍ഐഎ പറയുന്നു. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്‌കാനറുകളുടെ സാങ്കേതിക പ്രത്യേകതകള്‍ മനസ്സിലാക്കിയാണു പ്രതികള്‍ സ്വര്‍ണം ഒളിപ്പിച്ച പാഴ്‌സലുകള്‍ പൊതിഞ്ഞിരുന്നതെന്നും അന്വേഷണ സംഘം കോടതിയെ വാക്കാല്‍ അറിയിച്ചു. ഇതു സംബന്ധിച്ചു സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തും.

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സഹായിച്ച എസ് ഐയ്‌ക്കെതിരെ പരാതി നല്‍കി. സന്ദീപ് നായരെ മുന്‍പ് പല കേസുകളിലും സഹായിച്ച പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവിനെതിരെയാണ് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. കണ്‍ട്രോള്‍ റൂം എസ്.ഐ കെ.എ ചന്ദ്രശേഖരനെതിരെയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി, ഡി.ജി.പി, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

രണ്ടാഴ്ച മുന്‍പ് ആഡംബര കാറില്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന സന്ദീപിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ എത്തി സന്ദീപിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടുപോയി എന്നും ആരോപണമുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment