കോവിഡ്‌: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്. ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ ജില്ലകളിലായി രൂപപ്പെട്ട ക്ലസ്റ്ററുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്‌സി ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്ന് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ഇതുവരെ 51 ക്ലസ്റ്ററുകള്‍ ഉണ്ടായി. കൊല്ലത്ത് 11നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളില്‍ നാല് വീതവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകള്‍. ഇതുവരെ 15 ക്ലസ്റ്ററുകള്‍ നിയന്ത്രണ വിധേയമായി എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment