പത്മനാഭ സ്വാമി ക്ഷേത്രം വിധി: പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാട് സുപ്രീംകോടതിയുടെ വിധിയിൽ പ്രകടമായിട്ടുണ്ടാവാമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ഇത്തരം കേസുകളില്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് എത്രമാത്രം ശ്രദ്ധ ചെലുത്താന്‍ കഴിയുന്നു എന്നതും അവരുടെ നിലപാടുകളും പ്രധാനമാണെന്ന് വിഎസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

വിഎസിന്റെ കുറിപ്പിന്റെ പൂർണരൂപം

പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് ഇന്ന് വന്ന സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് വായിക്കുകയോ, നേരിട്ട് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. എങ്കിലും വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, ഹൈക്കോടതിയുടെ വിധിയില്‍നിന്നും വ്യത്യസ്തമായി, രാജകുടുംബത്തിന് ചില സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ വിധി എന്ന് മനസ്സിലാക്കുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നിലവറകള്‍ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികള്‍തന്നെ ക്ഷേത്രമുതല്‍ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാന്‍. എന്‍റെ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന്‍റെ തലത്തില്‍ എത്തുകയുമുണ്ടായി. 2011ല്‍ ബഹു ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയും ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്പത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു. വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തുകയുമായിരുന്നു. രാജകുടുംബം ബഹു. സുപ്രീംകോടതിയെ സമീപിക്കുകയും ഏതാണ്ട് അവര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കുകയുമാണ് ഉണ്ടായത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം കേസുകളില്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് എത്രമാത്രം ശ്രദ്ധ ചെലുത്താന്‍ കഴിയുന്നു എന്നതും അവരുടെ നിലപാടുകളും പ്രധാനമാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത് എന്നതും കേസിന്‍റെ അന്തിമ വിധിയില്‍ പ്രകടമായിട്ടുണ്ടാവാം.

FOLLOW US: pathram online

pathram:
Related Post
Leave a Comment