റമീസ് പിടിയിലായതോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്നു നാട്ടുകാര്‍; ആരോപണം നിഷേധിച്ച് കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് നിർണായക വഴിത്തിരിവെന്ന് സൂചന. സ്വർണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു. റമീസിന്റെ മൊഴി കേസിൽ നിർണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതൽ പേർ കേസിൽ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു.

കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വർണക്കടത്തിൽ ഇയാൾക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്. റമീസിന്റെ കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് വെട്ടത്തൂരിലെ നാട്ടുകാര്‍ പറയുന്നത്. അതിനിടെ, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് ഈ ആരോപണം നിഷേധിച്ചു.

2014-ല്‍ സ്വര്‍ണക്കടത്ത് കേസിലും മാന്‍വേട്ട കേസിലും റമീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, ഹവാല ഇടപാടുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം റമീസിലൂടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. അതിനിടെ, സ്വപ്‌ന സുരേഷ് പെരിന്തല്‍മണ്ണയില്‍ എത്തിയതായുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം.

ബെംഗളൂരുവിൽ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടർന്ന് ഇരുവരെയും റമീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.

FOLLOW US: pathram online

pathram:
Leave a Comment